രാജ്യത്തെ ഞെട്ടിച്ച ഡൽഹി ഇരട്ട സ്ഫോടനത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്.സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ ഓടിച്ച വ്യക്തിയുടെ പേര് ഉമർ മുഹമ്മദാണെന്നാണ് സൂചന. ഫരീദാബാദ് ഭീകരസംഘത്തിൽ പോലീസ് തിരയുന്ന വ്യക്തിയാണ് ഇയാളെന്നാണ് റിപ്പോർട്ടുകൾ.സ്‌ഫോടനം നടന്ന ഐ20 കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണോയെന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും.
കറുത്ത മാസ്‌കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. മാസ്‌ക് ധരിച്ച ഒരാൾ കാർ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത് ഉമർ മുഹമ്മദാണെന്നകാര്യമടക്കമാണ് പരിശോധിക്കുന്നത്. കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്നു മണിക്കൂർ നിർത്തിയിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്‌നി ചൗക്ക് മാർക്കറ്റാണെന്നാണ് സൂചന.
ഇന്നലെ വൈകിട്ട് 6.52ന് ചെങ്കോട്ടയ്ക്കു സമീപം റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിനടുത്ത് വെള്ള നിറത്തിലുള്ള ഐ 20 ഹ്യൂണ്ടായ് കാർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് ഗുരുതരമായി പരിക്കേറ്റു.









Discussion about this post