കോഴിക്കോട്: പൊതുജനത്തിന്റെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്ന ഒന്നാണ് പൊതു ഭക്ഷണശാലകളിലെ ശുചിത്വമില്ലായ്മയും മായം ചേര്‍ക്കലും. നിരവധി നടപടികള്‍ സംസ്ഥാനത്ത് ഇത്തരം പ്രവണതകള്‍ക്കെതിരെ ഉണ്ടായിട്ടും നിര്‍ബാധം ഇവയൊക്കെ തുടരുകയാണ്.
നിറം ചേര്‍ത്ത് ഭക്ഷണം വിറ്റതിനും പഴകിയതും വൃത്തിയില്ലാത്തതുമായ രീതിയില്‍ ഭക്ഷണമുണ്ടാക്കിയതിനുമായി ഈ വര്‍ഷം ( ജനുവരി – ജൂലായ് ) ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ ചുമത്തിയത് 24,68,500 രൂപ പിഴ. 3809 പരിശോധനകളിലായി 580 സ്ഥാപനങ്ങളുടെ പേരില്‍ നടപടിയെടുത്തു. നിറം ചേര്‍ത്തതിനാണ് ഏറ്റവും കൂടുതല്‍ പിഴയിട്ടിട്ടുള്ളത്.
ഹോട്ടലുകളും ബേക്കറികളും പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുക, ആഹാരസാധനങ്ങള്‍ അടച്ചുവയ്ക്കാതിരിക്കുക, ഈച്ചശല്യം ഒഴിവാക്കാതിരിക്കുക, വെള്ളം ഒഴിഞ്ഞുപോകാന്‍ കൃത്യമായ സംവിധാനം ഇല്ലാതിരിക്കുക, ഫ്രീസര്‍ വൃത്തിയായി സൂക്ഷിക്കാതിരിക്കുക എന്നീ കാരണങ്ങള്‍ക്കാണ് പിഴയീടാക്കിയിട്ടുള്ളത്.
ബിരിയാണി, കുഴിമന്തി, ചിക്കന്‍ ഫ്രൈ, ചില്ലിചിക്കന്‍, ബീഫ് ഫ്രൈ എന്നിവയിലൊക്കെ നിറം ചേര്‍ത്ത് വില്‍പ്പന നടത്തുന്നുണ്ട്. ടാര്‍ട്രസിന്‍ പോലുള്ള നിറങ്ങളാണ് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത്. കരള്‍, വൃക്ക എന്നിവയെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതാണ് ഈ നിറം. ബേക്കറി ഉത്പന്നങ്ങളില്‍ അനുവദനീയമായ അളവില്‍ നിറം ചേര്‍ക്കാം പക്ഷേ അത് പലപ്പോഴും ലംഘിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരം ഭക്ഷണം വിവേ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ ജനങ്ങളും തയ്യാറാകുന്നെങ്കില്‍ മാത്രമേ ആരോഗ്യ സംരക്ഷണത്തിന് പൂര്‍ണ്ണമായ ഒരു ഫലം നേടിയെടുക്കാന്‍ കഴിയു.
Discussion about this post