കോവിഡ് വ്യാപനം തളര്‍ത്തിയ ചൈനീസ് സാമ്പത്തിക മേഖല ഇപ്പോഴും നിവര്‍ന്നുനില്‍ക്കാനുള്ള തത്രപാടിലാണ്. നടപ്പുവര്‍ഷ്ത്തിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പദ്ധതികള്‍ ഒന്നും തന്നെ തക്കതായ ഫലം കണ്ടിട്ടില്ല.
എന്നാല്‍ ചൈനയുടെ മാന്ദ്യാവസ്ഥ ഇന്ത്യയ്ക്ക് അവസരങ്ങളുടെ വലിയൊരു വാതില്‍ തന്നെയാണ് തുറന്നുനല്‍കിയിരിക്കുന്നത്, ചൈനയിലെ സാമ്പത്തിക രംഗത്ത് തളര്‍ച്ചയേറിയതോടെ ഇന്ത്യന്‍ വിപണിയില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ആഗോള റീട്ടെയില്‍ വ്യാപാര കമ്പനികള്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട് . കൊക്കോ കോള, പെപ്സികോ, പ്രോക്ടര്‍ ആന്‍ഡ് ഗാബിള്‍, യൂണിലിവര്‍, റെക്കിറ്റ് തുടങ്ങിയവയാണ് ഇന്ത്യയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നത്.
വികസ്വര രാജ്യങ്ങളില്‍ ഏറ്റവും മികച്ച സാമ്പത്തിക വളര്‍ച്ച നേടുന്ന ഇന്ത്യയില്‍ കൂടുതല്‍ വില്പന കൈവരിച്ച് ചൈനയില്‍ അവര്‍ക്ക് നേരിട്ട തിരിച്ചടി മറികടക്കാനാണ് കമ്പനികളുടെ ശ്രമം. ഇതിന്റെ ഭാഗമായി പുതിയ ഫ്‌ളേവറുകളും വൈവിദ്ധ്യമാര്‍ന്ന പായ്ക്കുകളും കമ്പനികള്‍ അവതരിപ്പിച്ചു.
ഇന്ത്യയിലെ ഉയര്‍ന്ന ജനസംഖ്യയും ഇനിയും ഉപയോഗപ്പെടുത്താത്ത ഗ്രാമീണ വിപണിയും വിപുലമായ സാദ്ധ്യതകളാണ് തുറന്നിടുന്നതെന്ന് പെപ്സികോ പറഞ്ഞു. കഴിഞ്ഞ പതിറ്റാണ്ടില്‍ ചൈനയിലെ വില്പനയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കമ്പനികള്‍ ഇപ്പോള്‍ ഇന്ത്യയില്‍ വിപണി വിഹിതം ഉയര്‍ത്താന്‍ മത്സരിക്കുകയാണെന്ന് അനക്സ് വെല്‍ത്ത് മാനേജ്മെന്റിലെ ചീഫ് ഇക്കണോമിസ്റ്റ് ബ്രയാന്‍ ജേക്കബ്സണ്‍ പറഞ്ഞു.
അതേസമയം ഇന്ത്യയില്‍ ഇത്തരം നിക്ഷേപങ്ങള്‍ക്ക് ഒരു അനുകൂല സാഹചര്യമുണ്ടായതിന് പിന്നിലും നിരവധി ഘടകങ്ങളുണ്ട്. അതില്‍ ഒന്നാമത്തേത് കേന്ദ്ര സര്‍ക്കാരിന്റെ മൂലധന നിക്ഷേപം ഉയര്‍ത്തലാണ് അതിന് പിന്നാലെ കാലവര്‍ഷ ലഭ്യത കൂടിയതോടെ കാര്‍ഷിക ഉത്പാദനത്തിലുണ്ടാകുന്ന വര്‍ദ്ധന, വ്യക്തിഗത ഉപഭോഗത്തിലെ ഉണര്‍വ്, സാമ്പത്തിക മേഖല മികച്ച വളര്‍ച്ച എന്നിവയും കാരണമായി.
കൊക്കോ കോള, പെപ്സികോ, പ്രോക്ടര്‍ ആന്‍ഡ് ഗാബിള്‍, യൂണിലിവര്‍, റെക്കിറ്റ് എന്നീ കമ്പനികളുടെ വിപണി വിഹിതം കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 20.53 ശതമാനമായാണ് ഉയര്‍ന്നത്. മുന്‍വര്‍ഷമിത് 19.27 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഈ കമ്പനികളുടെ ചൈനയിലെ വിപണി വിഹിതം 4.3 ശതമാനമായി കുറഞ്ഞിരുന്നു.
Discussion about this post