ഫോസിലുകള്‍ പ്രാചീന ലോകചരിത്രത്തിലേയും ഭൂമിശാസ്ത്രമുള്‍പ്പെടെയുള്ള നിരവധി മേഖലകളിലെയും ഇനിയും വെളിച്ചം വീഴാത്ത ഇടങ്ങളിലേക്ക് ശാസ്ത്രത്തെ കൈപിടിച്ച് കൊണ്ടുപോകുന്ന പ്രകാശമാണ്. അതുകൊണ്ട് തന്നെ അമൂല്യനിധികളാണ് ഫോസിലുകള്‍. അവയുടെ കാലപഴക്കം കൂടുന്നതിനനുസരിച്ച് മൂല്യവും കൂടുന്നു. അപ്പോള്‍ അത് ദിനോസറിനും മുമ്പുള്ള ഫോസിലുകളാണെങ്കിലോ , പറയേണ്ടതുണ്ടോ
ഇത്തരത്തിലുള്ള വിലയേറിയ ഒരു ഫോസില്‍ സ്‌കോട്ടിഷ് സിറ്റി സെന്ററില്‍ നിന്ന് ലഭിചിരിക്കുകയാണ്. എവിടെ നിന്നാണ് ഈ ഫോസിലുകള്‍ കിട്ടിയതെന്ന കാര്യമാണ് ഇപ്പോള്‍ ശാസ്ത്രത്തെ അമ്പരപ്പിക്കുന്നത്. പേവിങ് ടൈലിലായിരുന്നു ഇത്രയും കാലം ഈ ഫോസില്‍ ഒളിച്ചിരുന്നത്. പല കാലങ്ങളില്‍ പലരും അതു വഴി കടന്നു പോയെങ്കിലും അവരാരും ഇതിനെക്കുറിച്ച് ശ്രദ്ധിച്ചില്ല. ആയിരക്കണക്കിന് ആളുകളാണ് ദിനം പ്രതി ഈ സ്ലാബിന് മുകളിലൂടെ നടന്നു പോയതെന്നോര്‍ക്കണം.
ഒടുവില്‍ എന്തായാലും 385 മില്യണ്‍ വര്‍ഷം പഴക്കമുള്ള മത്സ്യത്തിന്റെ ഫോസില്‍ എത്തേണ്ട കരങ്ങളില്‍ തന്നെ എത്തി ചേര്‍ന്നിരിക്കുകയാണ്. ജെയിംസ് റയാന്‍ എന്ന മ്യൂസിയം ജീവനക്കാരനാണ് ഈ ഫോസില്‍ കണ്ടെടുത്തത് അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ ഗ്ലാസ് ഗോയിലെയും എഡിന്‍ബറോയിലെയുമൊക്കെ പേവിങ് ടൈലുകളില്‍ ഇത്തരം ഫോസിലുകള്‍ ലഭിച്ചതായി കേട്ടിട്ടുണ്ട്.
385 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ഒരു മത്സ്യത്തിന്റെ ഫോസിലാണിത്. ഈ മത്സ്യം ജീവിച്ചിരുന്നത് ആദ്യത്തെ ദിനോസറിനും മുമ്പായിരുന്നുവെന്ന് ഓര്‍ക്കണം ശുദ്ധ ജലത്തടാകത്തിന്റെ അടിത്തട്ടില്‍ ആയിരക്കണക്കിന് കൊല്ലങ്ങള്‍ ആണ്ടുകിടന്ന ശിലാഭാഗമാണിത്. അത്രയും മൂല്യമുള്ള ഒന്ന് ഞാന്‍ ഇതിനെക്കുറിച്ച് പാലിയന്റോളജിസ്റ്റുകളെ അറിയിച്ചു കഴിഞ്ഞു. ഇത് നിശ്ചയമായും ശാസ്ത്രത്തിന് ഒരു മുതല്‍ക്കൂട്ടാകുമെന്ന് തീര്‍ച്ചയാണ്.
യാദൃശ്ചികമായി ഫോസിലുകള്‍ കണ്ടെത്തപ്പെടുന്നതിലെ ആദ്യ സംഭവമല്ല ഇത്. അടുത്തിടെ കടല്‍ത്തീരത്ത് നടക്കാന്‍ പോയ ഒരു കൊച്ചുപെണ്‍കുട്ടി ദിനോസറുകളുടെ കാലടിപാടുകളുടെ ഫോസില്‍ കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു.
Discussion about this post