അഹമ്മദാബാദ്: വികസനത്തിനും പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനും ഊന്നൽ നൽകി ഗുജറാത്ത് സർക്കാരിന്റെ ബജറ്റ്. 3.01 ലക്ഷം കോടി രൂപയുടെ ബജറ്റിൽ അഹമ്മദാബാദ് മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിന് 18,000 കോടി രൂപ ഉൾപ്പെടെ വികസന പ്രവർത്തനങ്ങൾക്ക് വലിയ തുകയാണ് നീക്കിവെച്ചിരിക്കുന്നത്.
സംസ്ഥാനത്തെ അഞ്ച് ഹൈവേകൾ അതിവേഗ ഇടനാഴികളായി വികസിപ്പിക്കും. ഇതിനായി 1500 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. പൈതൃക, ഇക്കോ ടൂറിസം വികസനത്തിനായി 10,000 കോടി രൂപ വകയിരുത്തി.
പെട്രോളിനും ഡീസലിനും എൽപിജിക്കും സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ഒരു വർഷം കൂടി തുടരും. പുതിയ നികുതികളൊന്നും ഏർപ്പെടുത്തിയിട്ടില്ല. ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഒരു വർഷം രണ്ട് സിലിണ്ടറുകൾ സൗജന്യമായി നൽകും. പ്രധാനമന്ത്രി ജൻ ആരോഗ്യ പദ്ധതി പ്രകാരമുളള ഇൻഷുറൻസ് പരിരക്ഷ 10 ലക്ഷം രൂപയാക്കി ഉയർത്തി. നേരത്തെ അഞ്ച് ലക്ഷം രൂപയായിരുന്നു ഇതിന്റെ പരിധി. ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണ് ഈ നിർദ്ദേശങ്ങളിലൂടെ പ്രാബല്യത്തിലാകുന്നത്.
പാവങ്ങൾക്കും അർഹരായവർക്കും അടിസ്ഥാന സൗകര്യങ്ങളും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുക, മനുഷ്യവിഭവശേഷി വികസിപ്പിക്കുക, ലോകനിലവാരത്തിലുളള അടിസ്ഥാന സൗകര്യ വികസനങ്ങൾ ഒരുക്കുക, പുതിയ തൊഴിലവസരങ്ങൾ, ഹരിത വളർച്ച തുടങ്ങിയ അഞ്ച് തൂണുകളിൽ ഊന്നിയാണ് ബജറ്റ് തയ്യാറാക്കിയത്.
കാർഷിക, വ്യവസായ, സേവന മേഖലകളിലെ സാമ്പത്തിക ഇടപാടുകൾ ത്വരിതപ്പെടുത്തുന്നതിനുളള നിർദ്ദേശങ്ങളും ബജറ്റിലുണ്ട്.
Discussion about this post