തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്നും വാങ്ങിയ ഉഴുന്നുവടകള്‍ക്കുള്ളില്‍ നിന്നും ബ്ലേഡ് കഷണങ്ങള്‍ കിട്ടിയത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ അധികൃതരെത്തി ഈ ഹോട്ടല്‍ അടച്ചുപൂട്ടി. വെണ്‍പാലവട്ടം കുമാര്‍ ടിഫിന്‍ സെന്ററില്‍ നിന്ന് വാങ്ങിയ വടകള്‍ക്കുള്ളില്‍ നിന്നായിരുന്നു ബ്ലേഡ് കഷണങ്ങള്‍ കണ്ടെത്തിയത്. ഹോട്ടലിലെത്തി വട കഴിക്കുന്നതിനിടെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ പല്ലിലെ കമ്പിയില്‍ ബ്ലേഡ് കുടുങ്ങുകയായിരുന്നു.
ഇത് വളരെ പെട്ടെന്ന് ശ്രദ്ധിച്ചതിനാല്‍ മറ്റ് അപകടങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. ഇതേ ഹോട്ടല്‍ നിന്ന് പാര്‍സല്‍ വാങ്ങിയ മറ്റൊരാള്‍ ക്കും ഇതേ അനുഭവമുണ്ടായിരുന്നു കഴിക്കാനായി വട മുറിച്ചു നോക്കുമ്പോഴാണ് ബ്ലേഡ് കഷണം ശ്രദ്ധയില്‍പ്പെടുന്നത്. പരാതി നല്‍കിയതോടെ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ എത്തി ഹോട്ടല്‍ അടച്ചു പൂട്ടുകയായിരുന്നു പിന്നാലെ ഹോട്ടലിന് പിഴയും ചുമത്തി.
. അതേസമയം എങ്ങനെയാണ് വടയില്‍ ബ്ലേഡ് കഷണം എത്തിയത് എന്നതിനെക്കുറിച്ചുള്ള വിശദീകരണവും എത്തിയിട്ടുണ്ട്. ഗ്രൈന്‍ഡറിലെ അഴുക്കു ചുരണ്ടി വൃത്തിയാക്കുന്നതിനിടെ ബ്ലേഡ് വീണ് പോയതാകാം എന്നാണ് ജോലിക്കാരില്‍ ചിലര്‍ സംഭവത്തിനെ വിശദീകരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉച്ചയോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്‍സ്‌പെക്ടര്‍ എസ് കാര്‍ത്തികയുടെ നേതൃത്വത്തിലുള്ള ഉദ്യോഗ സംഘം എത്തി ആണ് ഹോട്ടലില്‍ പരിശോധന നടത്തിയത്.
ഇന്നലെ രാവിലെ 8 മണിയോടെ ആയിരുന്നു ഈ സംഭവം നടന്നത് . ചുള്ളിമാനൂര്‍ ഇടവട്ടം സ്വദേശിയും കോര്‍പ്പറേഷനിലെ കുടിവെള്ള ടാങ്കറിന്റെ ഡ്രൈവറുമായ അനീഷ് കുമാറും മകള്‍ സനൂഷയും ഹോട്ടലില്‍ എത്തിയതായിരുന്നു. അനീഷും മകളും ഓരോ മസാല ദോശയും വടയും ആണ് ഓര്‍ഡര്‍ ചെയ്തത്.
സനുഷ വട പകുതി കഴിച്ചപ്പോഴാണ് പല്ലിലെന്തോ തടഞ്ഞ പോലെ തോന്നിയത്. തുടര്‍ന്ന് നോക്കുമ്പോള്‍ പല്ലിലെ കമ്പിയില്‍ ബ്ലേഡിന്റെ ഒരു ഭാഗം തറച്ചിരിക്കുന്നതായി കണ്ടെത്തി. പിന്നാലെ ഹോട്ടല്‍ ജീവനക്കാരെയും കോര്‍പ്പറേഷന്‍ പോലീസ് അധികൃതരെയും വിവരമറിയിക്കുകയായിരുന്നു. പാഴ്‌സല്‍ വാങ്ങിപ്പോയ കെഎസ്ഇബി റിട്ട. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വെണ്‍പാലവട്ടം സ്വദേശി സുകുവാണ് ബ്ലേഡ് വട കിട്ടിയ മറ്റൊരാള്‍.
Discussion about this post