വാഷിംഗ്ടൺ : ലോക സമ്പദ് വ്യവസ്ഥ പ്രത്യാഘാതങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് ഐ.എം.എഫ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിവ. സാമ്പത്തിക വളർച്ച 3 ശതമാനത്തിൽ താഴെയെത്തി. അടുത്ത അഞ്ച് വർഷത്തേക്ക് വളർച്ച നിരക്ക് മൂന്ന് ശതമാനത്തിൽ തന്നെ തുടരുമെന്നും അവർ ചൂണ്ടിക്കാട്ടി. 1990 നു ശേഷം ആദ്യമായാണ് ഇങ്ങനെയൊരു പ്രതിസന്ധിയെന്നും ക്രിസ്റ്റലീന അഭിപ്രായപ്പെട്ടു.
പ്രത്യാശയുടെ കിരണങ്ങളുള്ളത് ഏഷ്യയിലാണെന്ന് അവർ വ്യക്തമാക്കി. വളർച്ച നിരക്കിൽ മുന്നിട്ട് നിൽക്കുന്ന ഇന്ത്യയും ചൈനയുമായിരിക്കും ലോക സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ പകുതിയും സംഭാവന ചെയ്യുന്നത്. ബാക്കി രാജ്യങ്ങൾ സമ്പദ് വ്യവസ്ഥയിൽ കുറഞ്ഞ വളർച്ചയാകും രേഖപ്പെടുത്തുക എന്നും അവർ ക്രിസ്റ്റലീന ചൂണ്ടിക്കാട്ടി.
കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളായിരിക്കും കൂടുതൽ പ്രതിസന്ധി നേരിടേണ്ടി വരിക. ദാരിദ്ര്യവും പട്ടിണിയും വർദ്ധിക്കും. കോവിഡിനു ശേഷമുള്ള ഈ പ്രവണത തുടരാനാണ് സാദ്ധ്യതയെന്നും ഐ.എം.എഫ് ഡയറക്ടർ ചൂണ്ടിക്കാട്ടി.
അതേസമയം ഇന്ത്യ 6.5 ശതമാനം വളർച്ച കൈവരിക്കുമെന്ന് റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്തദാസ് വ്യക്തമാക്കി. ലോക സമ്പദ് രംഗം ഉലയുകയാണെന്നും വികസിത രാജ്യങ്ങളിലെ ബാങ്കിംഗ് രംഗത്തുണ്ടായ തകർച്ച സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post