സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ തകരാര്‍ മൂലം 107 ദിവസങ്ങളായി ബഹിരാകാശത്ത് തന്നെ തങ്ങേണ്ടി വന്നിരിക്കുകയാണ് ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്. ഇനി ഫെബ്രുവരിയില്‍ മാത്രമേ അവര്‍ക്കും സഹപ്രവര്‍ത്തകനും മടങ്ങിയെത്താന്‍ സാധിക്കുകയുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടയില്‍ സുനിതയുടെ ആരോഗ്യം സംബന്ധിച്ച് ആശങ്കാകുലമായ പല വാര്‍ത്തകളും പുറത്തുവരുന്നുമുണ്ട്. കടുത്ത ആശങ്കയിലാണ് സുനിതയുടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം.
ഇപ്പോഴിതാ ഈ സാഹചര്യത്തില്‍ സുനിതയുടെ സുരക്ഷിതമായ മടങ്ങിയെത്തലിന് വേണ്ടി ഉള്ളുരുകിയുള്ള പ്രാര്‍ത്ഥനയിലാണ് ഇന്ത്യയിലെ ഒരു ഗ്രാമം മുഴുവന്‍. ഗുജറാത്തിലെ ജുല്‍സാന്‍ എന്ന ഗ്രാമത്തിലെ ജനങ്ങളാണ് സുനിത സുരക്ഷിയായി മടങ്ങിയെത്തുന്നതും കാത്ത് കണ്ണുനട്ടിരിക്കുന്നത്. ഇതിന് പിന്നില്‍ ഒരു കാരണമുണ്ട്. ഈ ഗ്രാമവുമായി സുനിതയ്ക്ക് ഒരു ബന്ധമുണ്ട് എന്നത് തന്നെ ഒരിക്കല്‍ ഈ ഗ്രാമം അവരുടെ പിതാവിന്റെയും മുന്‍തലമുറകളുടെയും ജന്മഗ്രാമമായിരുന്നു. മൂന്നുവട്ടം 1972 ല്‍ 2007ല്‍ 2013ല്‍ എന്നിങ്ങനെ സുനിത ഈ ഗ്രാമം സന്ദര്‍ശിച്ചിട്ടുണ്ട്.
അന്ന് അവര്‍ വന്നതെല്ലാം തന്റെ ബഹിരാകാശ ഉദ്യമങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന് ശേഷമായിരുന്നു. ഇതെല്ലാം ഈ ഗ്രാമവും സുനിതയുമായുള്ള പൊക്കിള്‍കൊടി ബന്ധം അറുക്കാതെ കാത്തുസൂക്ഷിച്ചു. ഈ ഗ്രാമത്തിലെ ജനങ്ങള്‍ക്കും സുനിതയെക്കുറിച്ച് നൂറുനാവാണ് ഓരോ തവണയെത്തുമ്പോഴും പരമാവധി ആളുകളുമായി ഇടപഴകാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. ഗ്രാമത്തിലെ സ്‌കൂളിനും സാമ്പത്തിക സഹായം നല്‍കിയാണ് കഴിഞ്ഞ തവണ അവര്‍ പോയത്.
സുനിതയ്ക്കായി ദിവസവും ഗ്രാമത്തില്‍ പ്രാര്‍ത്ഥനയുണ്ട്. അവരുടെ ചിത്രത്തിന് മുന്നില്‍ ഒരു ദീപം അണയാതെ എരിയുന്നുണ്ട്. ഇനിയും തങ്ങളുടെ ഗ്രാമത്തിന്റെ കൊച്ചുമകള്‍ ഈ ഉദ്യമവും വിജയിച്ച് ഈ ഗ്രാമത്തിന്റെ സ്‌നേഹത്തിന് മുന്നില്‍ വന്ന് നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍.
Discussion about this post