ന്യൂഡൽഹി: ചാന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയതിന് പിന്നാലെ ചന്ദ്രനിൽ സ്ഥലം വാങ്ങി ഇന്ത്യക്കാരൻ. ജമ്മു കശ്മീരിൽ നിന്നുള്ള വ്യവസായിയും വിദ്യാഭ്യാസ വിദഗ്ധനുമായ രൂപേഷ് മാസനാണ് ചന്ദ്രനിൽ സ്ഥലം വാങ്ങാനുള്ള കരാറിലേർപ്പെട്ടത്. ലാക്കസ് ഫെലിസിറ്റാറ്റിസ് (സന്തോഷത്തിന്റെ തടാകം) എന്നറിയപ്പെടുന്ന ലൂണ എർത്ത്‌സ് മൂൺ, ട്രാക്റ്റ് 55-പാഴ്‌സൽ 10772ലാണ് സ്ഥലം വാങ്ങിയത്.
ന്യൂയോർക്ക് സിറ്റിയിലെ ലൂണാർ രജിസ്ട്രിയിൽ നിന്നാണ് സ്ഥലമിടപാട് നടത്തിയത്. ഓഗസ്റ്റ് 25ന് രജിസ്‌ട്രേഷൻ പൂർത്തിയായതായി രൂപേഷ് വ്യക്തമാക്കി. ചന്ദ്രനിൽ സ്ഥലം വാങ്ങുന്നത് ഭാവിയിലേക്കുള്ള തയ്യാറെടുപ്പായിരിക്കും. ചന്ദ്രനിലും മറ്റ് ഗ്രഹങ്ങളിലുമായി സെലിബ്രിറ്റികളും യുഎസ് മുൻ പ്രസിഡന്റുമാരുമടക്കം 675പേർ സ്ഥലം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രനിലെ സ്വത്തുക്കൾ വാങ്ങുന്നതിനായി 1999 ലാണ് ഇന്റർനാഷണൽ ലൂണാർ ലാൻഡ്‌സ് രജിസ്ട്രി ആരംഭിച്ചത്. ഇതുവഴിയാണ് സ്ഥലം വാങ്ങുക. വെബ്സൈറ്റിലെ വിവരം അനുസരിച്ച് രൂപേഷ് മാസൻ സ്ഥലം വാങ്ങിയ ചന്ദ്രനിലെ ഏരിയയിൽ പ്ലോട്ടിന്റെ നിലവിലെ നിരക്ക് ഏക്കറിന് 2,405 രൂപയാണ് (29.07 ഡോളർ).
അതേസമയം ചന്ദ്രനിലെ സ്ഥലം വിൽക്കാൻ കമ്പനിക്ക് ആരാണ് അവകാശം നൽകിയതെന്ന ചോദ്യം സോഷ്യൽമീഡിയയിൽ ഉയരുന്നുണ്ട്. ചന്ദ്രന്റെയും പ്രപഞ്ചത്തിലെ മറ്റ് ഉപഗ്രഹങ്ങളുടെയും ഉടമയായി കമ്പനി സ്വയം അവരോധിക്കപ്പെട്ടത് എപ്പോഴാണെന്നും വിമർശനം ഉയരുന്നുണ്ട്. മുഴുവൻ മനുഷ്യരാശിക്കും തുല്യഅവകാശമുള്ള ഇടം വിൽക്കാൻ എന്ത് അവകാശമെന്നാണ് ചോദ്യം.
Discussion about this post