ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ജോഡികളിലൊന്ന് ; മൈക്കൽ സ്ലേറ്ററും മാത്യു ഹൈഡനും. വൺ ഡൗണായി സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ച വയ്ക്കുന്ന ജസ്റ്റിൻ ലാംഗർ. ഏത് സാഹചര്യത്തിലും കളി കൈപ്പിടിയിലാക്കുന്ന വോ സഹോദരന്മാർ മാർക്ക് വോയും സ്റ്റീവ് വോയും. സാങ്കേതിക തികവുള്ള റിക്കി പോണ്ടിംഗ്.
സ്വതസിദ്ധമായ ബാറ്റിംഗ് ശൈലി കൊണ്ട് ഏത് ദിവസവും തന്റേതാക്കാൻ കഴിവുള്ള വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആദം ഗിൽക്രൈസ്റ്റും. ബൗളിംഗിലേക്ക് വന്നാലോ സാക്ഷാൽ ഗ്ലെൻ മഗ്രാത്തും കൂടെ ജേസൻ ഗില്ലസ്പിയും ഡാമിയൻ ഫ്ലെമിംഗുമടങ്ങുന്ന പേസ് ത്രയം. ഒപ്പം മൈക്കൽ കാസ്പറോവിക്സും കോളിൻ മില്ലറും. പിന്നെ കൈക്കുഴ കൊണ്ട് ലോകത്തെ കറക്കിയ സ്പിൻ മാന്ത്രികൻ ഷെയ്ൻ വോണും.
ടെസ്റ്റ് ക്രിക്കറ്റിൽ ലോകോത്തരമെന്ന് തന്നെ വിശേഷിപ്പിക്കാൻ കഴിയുന്ന ടീമുമായിട്ടായിരുന്നു 2001ൽ ഇന്ത്യയിലേക്ക് ഓസ്ട്രേലിയയുടെ വരവ്.
മറുഭാഗത്ത് ഇന്ത്യയും മോശമായിരുന്നില്ല. ഓപ്പണിംഗ് സഖ്യം പേരുകേട്ടതായിരുന്നില്ലെങ്കിലും ശിവ് സുന്ദർദാസും സദഗോപൻ രമേശും മോശമല്ലാത്ത തുടക്കങ്ങൾ ടീമിനു സമ്മാനിച്ചിട്ടുണ്ട്. പക്ഷേ ടീമിന്റെ മദ്ധ്യനിര അന്നത്തെ ഏത് ടീമും സ്വപ്നം കാണുന്നതിനുമപ്പുറത്തായിരുന്നു. ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ നട്ടെല്ലായിരുന്ന സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മൺ, രാഹുൽ ദ്രാവിഡ് എന്നിവരായിരുന്നു മദ്ധ്യനിരയിൽ.. വിക്കറ്റ് കീപ്പറായി നയൻ മോംഗിയ.. സഹീർ ഖാനും വെങ്കിടേഷ് പ്രസാദും ശ്രീനാഥും അഗാർക്കറും പേസ് അറ്റാക്കിന്റെ ചുമതല വഹിച്ചപ്പോൾ വെങ്കടപതി രാജുവും രാഹുൽ സിംഘ്‌വിയും നീലേഷ് കുൽക്കർണിയും സായ്‌രാജ് ബഹുതുലെയും ഹർഭജനുമായിരുന്നു സ്പെഷ്യലിസ്റ്റ് സ്പിന്നർമാർ.. ഹേമംഗ് ബദാനിയും സമീർ ദിഘെയും ടീമിന്റെ ഭാഗമായിരുന്നു.
മൂന്ന് മത്സരങ്ങളിൽ ആദ്യത്തേത് നടന്നത് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ.. 15 ടെസ്റ്റ് മത്സരങ്ങൾ തുടർച്ചയായി ജയിച്ചു വന്ന ഓസ്ട്രേലിയൻ ടീം അവരുടെ വിജയയാത്ര തുടർന്നു. ആദ്യ ടെസ്റ്റിൽ ഇന്ത്യ പത്ത് വിക്കറ്റിന് ദയനീയമായി പരാജയപ്പെട്ടു. രണ്ട് ഇന്നിംഗ്സിലും അർദ്ധ സെഞ്ച്വറികൾ നേടിയ സച്ചിൻ ഒഴിച്ച് ബാക്കി ബാറ്റർമാരെല്ലാം ഓസീസ് ബൗളിംഗിനു മുന്നിൽ കടലാസ് പുലികളായി.
രണ്ടാം ടെസ്റ്റ് കൊൽക്കത്തയിൽ.. ക്യാപ്ടൻ സൗരവ് ഗാംഗുലിയുടെ സ്വന്തം തട്ടകം. ആദ്യ മത്സരത്തിൽ തോറ്റതിന്റെ സമ്മർദ്ദം ഇന്ത്യൻ ടീമിനുള്ളപ്പോൾ അപരാജിതരായി കംഗാരുക്കൾ..
ടോസ് വീണ്ടും സ്റ്റീവ് തോയെ തുണച്ചു. ഇക്കുറി ബാറ്റിംഗായിരുന്നു ഓസീസിന്റെ തീരുമാനം. ഇന്ത്യൻ ബൗളിംഗ് ലൈനപ്പിൽ ശ്രീനാഥിന് പകരം വെങ്കിടേഷ് പ്രസാദും അജിത് അഗാർക്കർക്ക് പകരം സഹീർ ഖാനും. രാഹുൽ സാംഘ്വിക്ക് പകരം സ്പിന്നറായി വെങ്കിടപതി രാജുവും അങ്ങനെ മൂന്ന് മാറ്റങ്ങൾ. ഓസ്ട്രേലിയ സൈഡിൽ ഡാമിയൻ ഫ്ലെമിംഗ് മൈക്കൽ കാസ്പറാവിച്ചിന് വഴിമാറി..
ഓസ്ട്രേലിയൻ തുടക്കം മോശമായില്ല.. ഹെയ്ഡനും സ്ലേറ്ററും ചേർന്ന് സെഞ്ച്വറി പാർട്ട്ണർഷിപ്പുണ്ടാക്കി. ലാംഗറുടെ അർദ്ധ സെഞ്ച്വറിയും ഹെയ്ഡന്റെ 97 ഉം പിന്നെ വാലറ്റത്തെ കൂട്ടുപിടിച്ച് സ്റ്റീവ് വോയുടെ തകർപ്പൻ സെഞ്ച്വറിയും. ഓസ്ട്രേലിയ രണ്ടാം ദിവസം 445 റൺസിന് ഓൾ ഔട്ടായി. സ്കോർ 252 ൽ നിൽക്കെ റിക്കി പോണ്ടിംഗിനേയും ആദം ഗിൽ ക്രൈസ്റ്റിനേയും ഷെയ്ൻ വോണിനേയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ഹർഭജൻ സിംഗ് ഹാട്രിക് നേടിയതായിരുന്നു ഇന്ത്യൻ സൈഡിൽ എടുത്തുകാട്ടാനുണ്ടായിരുന്നത്. ഒരു ഇന്ത്യൻ ബൗളറുടെ ടെസ്റ്റിലെ ആദ്യ ഹാട്രിക്കായിരുന്നു അത്. സ്കോർ 269 ൽ എട്ടു വിക്കറ്റുകൾ നഷ്ടമായതിനു ശേഷം ജേസൻ ഗില്ലസ്പിക്കൊപ്പം 133 റൺസ് പാർട്ട്ണർഷിപ്പ് പടുത്തുയർത്തിയായിരുന്നു ക്യാപ്ടൻ സ്റ്റീവ് വോ ഓസീസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് പിടിച്ച് നിൽക്കാനുള്ള അവസരം പോലും ഓസീസ് ബൗളർമാർ നൽകിയില്ല. ഒരു അർദ്ധ സെഞ്ച്വറി പാർട്ട്ണർഷിപ്പ് പോലും ഉണ്ടായില്ല. കൈക്കുഴയുടെ സുന്ദരമായ ചലനങ്ങൾ കൊണ്ട് പേസർമാരെയും സ്പിന്നർമാരെയും ഒരുപോലെ നേരിട്ട വിവിഎസ് മാത്രമായിരുന്നു ഇന്ത്യൻ നിരയിൽ പിടിച്ചു നിന്നത്. ഏറ്റവും അവസാനമായി ഷെയ്ൻ വോണിന്റെ പന്തിൽ 59 റൺസ് നേടി വിവിഎസ് പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 171 മാത്രം. ഓസ്ട്രേലിയക്ക് 274 റൺസ് ലീഡ്. നിയമമനുസരിച്ച് ഇന്ത്യയെ വീണ്ടും ബാറ്റിംഗ് ചെയ്യിക്കാമെന്നതിനാൽ സ്റ്റീവ് വോയുടെ തീരുമാനം ഉടനെത്തി.. ഇന്ത്യയ്ക്ക് ഫോളോ ഓൺ..
കൊൽക്കത്തയിലെ ടെസ്റ്റ് ചരിത്രപ്രസിദ്ധമാകുന്നതിന് തന്റെ തീരുമാനം കാരണമാകുമെന്ന് അപ്പോൾ സ്റ്റീവ് വോ അറിഞ്ഞിരുന്നില്ലെന്ന് മാത്രം.
മൂന്നാം ദിനം ലഞ്ചിനു മുൻപ് തന്നെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യക്ക് വേണ്ടി എസ്. രമേശും ശിവസുന്ദർദാസും ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ലഞ്ചിനു പിരിയുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 45 റൺസ് ആയിരുന്നു ഇന്ത്യൻ സ്കോർ. ലഞ്ചിനു ശേഷം സ്കോർ 52 ൽ നിൽക്കെ ഷെയ്ൻ വോണിന്റെ പന്തിൽ സദഗോപൻ രമേശ് മാർക്ക് വോയുടെ കയ്യിലെത്തിയതോടെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണു. ആദ്യ ഇന്നിംഗ്സിൽ നിന്ന് വ്യത്യസ്തമായ ഫസ്റ്റ് ഡൗൺ ആയി ഇറങ്ങിയത് വിവിഎസ് ആയിരുന്നു. ഒന്നാം ഇന്നിംഗ്സിലെ ഫോം അതേ പടി തുടരുന്ന വിവിഎസിനെയാണ് ഈഡൻ ഗാർഡൻസ് കണ്ടത്.
പെർഫെക്ട് ടൈമിംഗിൽ കവർ ഡ്രൈവും ഓഫ് ഡ്രൈവുകളും.. ഷെയ്ൻ വോണിനെ പന്തിന്റെ ഗതിക്ക് വിപരീതമായി മിഡ് വിക്കറ്റിലൂടെ പറത്തിയ സുന്ദരമായ ഓൺ ഡ്രൈവുകൾ.. വിവിഎസ് എന്ന പ്രതിഭയുടെ അനുപമമായ ഇന്നിംഗ്സ് അവിടെ ആരംഭിക്കുകയായിരുന്നു. മറു വശത്ത് ശിവസുന്ദർദാസും സച്ചിൻ ടെണ്ടുൽക്കറും പവലിയൻ കയറിയപ്പോഴും വിവിഎസ് തന്റെ കൈക്കുഴകൾ ചലിപ്പിച്ച് കൊണ്ടേയിരുന്നു. കാസ്പോറോവിച്ചും, മഗ്രാത്തും ഗില്ലസ്പിയും വോണുമൊക്കെ പലതവണ അതിർത്തി കടന്നു. 115 റൺസിൽ മൂന്നാം വിക്കറ്റ് വീണപ്പോൾ എത്തിയ ക്യാപ്ടൻ സൗരവ് ഗാംഗുലിക്കൊപ്പം സ്കോർബോർഡ് ചലിപ്പിച്ച വിവിഎസ്. ഇരുവരും ചേർന്ന് 117 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
ഗ്ലെൻ മഗ്രാത്തിന്റെ ഉജ്ജ്വലമായൊരു പന്ത് ഗാംഗുലിയുടെ ബാറ്റിലുരസി ഗിൽക്രൈസ്റ്റിന്റെ ഗ്ലൗസിലൊതുങ്ങിയതോടെ ഓസീസ് ആവേശത്തിലായി. ഇനി അംഗീകൃത ബാറ്റർമാരായി രാഹുൽ ദ്രാവിഡും വിക്കറ്റ് കീപ്പർ നയൻ മോംഗിയയും മാത്രം. ഇന്ത്യൻ ഡ്രസ്സിംഗ് റൂമും കാണികളും നിരാശരായി. കളി തീരും മുൻപ് തന്നെ മിക്കവരും മടങ്ങിയെങ്കിലും ഒരു സെഞ്ച്വറി തിളക്കവുമായാണ് വിവിഎസ് മൂന്നാം ദിനം കളി അവസാനിപ്പിച്ച് പവലിയനിലെത്തിയത്. ഇന്ത്യ നാല് വിക്കറ്റിന് 254 റൺസ്. വിവിഎസ് 109 നോട്ടൗട്ട് രാഹുൽ ദ്രാവിഡ് 7 നോട്ടൗട്ട്. ഇന്ത്യ അപ്പോഴും 20 റൺസ് പിറകിൽ.
2001 മാർച്ച് 14 . ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ പകരം വെക്കാൻ ആകാത്ത ഒരു ദിവസമാകുമതെന്ന് ആരും കരുതിയില്ല. അത്ഭുതങ്ങൾ സംഭവിക്കാൻ അനുവദിക്കുന്നവരല്ല ഓസീസ് ബൗളർമാർ. ഷെയ്ൻ വോണിന്റെ സ്പിൻ മികവിനെ നാലാം ദിനത്തിലെ കൊൽക്കത്ത പിച്ച് സഹായിക്കാതിരിക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം..
നാലാം ദിനം ക്രീസിൽ ഉറച്ച് നിൽക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ദ്രാവിഡും ലക്ഷ്മണും ക്രീസിലെത്തിയത്. ലോകത്തെ നമ്പർ വൺ ടെസ്റ്റ് ടീമാകണം .. ഉറച്ചു നിന്ന് പൊരുതൂ എന്നായിരുന്നു കോച്ച് ജോൺ റൈറ്റിന്റെ നിർദ്ദേശം.. ക്രീസിൽ ഉറച്ച് നിന്നാൽ മതി .. റൺസ് താനേ വരുമെന്നായിരുന്നു തങ്ങൾ തീരുമാനിച്ചതെന്ന് പിന്നീടൊരിക്കൽ ലക്ഷ്മൺ ഒരു ഇന്റർവ്യൂവിൽ പറയുകയും ചെയ്തു.
ടെസ്റ്റ് ക്രിക്കറ്റ് പിറവിയെടുത്തതിനു ശേഷം ഇത്രയും മനോഹരമായ ഒരു ബാറ്റിംഗ് വിരുന്ന് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. അന്ന് ലോകത്ത് നിലവിലുള്ള ഏറ്റവും മികച്ച ബൗളിംഗ് നിരയോട്, അതും ഏറ്റവും ഫ്ലാറ്റ് പിച്ചുകളിൽ നിന്ന് പോലും ടേണും ബൗൺസും കണ്ടെത്തുന്ന ലോകോത്തര സ്പിന്നർ ഉൾപ്പെട്ട ബൗളിംഗ് നിരയോട് സാങ്കേതിക തികവിന്റെ പൂർണതയാവാഹിച്ച് കൊണ്ട് ആ രണ്ടു പേർ ബാറ്റ് ചെയ്തു. കോപ്പി ബുക്ക് ശൈലിയിൽ ഫുട് വർക്കോടെ ഒന്നാന്തരം സ്ട്രോക്ക് പ്ളേയായിരുന്നു രാഹുൽ ദ്രാവിഡ് കാഴ്ച്ച വച്ചത്.
പേരു കെട്ട ബാറ്റിംഗ് നിരകളെ തന്റെ ലെഗ് ബ്രേക്കുകളും ടോപ്പ് സ്പിന്നും ഫ്ലിപ്പറുകളും സ്ലൈഡറുകളും കൊണ്ട് വട്ടം കറക്കിയിരുന്ന ഷെയ്ൻ വോൺ തീർത്തും നിസ്സഹായനായിപ്പോയി. ലക്ഷ്മണിന്റെ ലെഗ്സ്റ്റമ്പിന് വെളിയിൽ കുത്തി ഓഫിലേക്ക് തിരിഞ്ഞ് വരാനൊരുങ്ങിയ വോണിന്റെ ലെഗ് ബ്രോക്കുകൾ മിഡോഫിലൂടെ ബൗണ്ടറിയിലേക്ക് പാഞ്ഞു . ചിലതൊക്കെ പന്തിന്റെ സ്പിന്നിനു വിപരീതമായി മിഡ്ോൺ വഴി അതിർത്തി കടന്നു. ഒരു ഘട്ടത്തിൽ പരുന്തിനെപ്പോലെ ചിറക് വിരിച്ച് പന്തെറിയാൻ ശ്രമിച്ച ജേസൻ ഗില്ലസ്പിയ്ക്ക് പന്ത് അതിർത്തി കടക്കുന്നത് നിസ്സഹായനായി കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളൂ. ക്യാപ്ടൻ സ്റ്റീവ് വോയും വിക്കറ്റ് കീപ്പർ ഗിൽക്രൈസ്റ്റുമൊഴിച്ച് 9 പേരും പന്തെറിഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം.
ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലാകട്ടെ അനിവാര്യമായ പരാജയം പരമാവധി താമസിക്കും എന്ന മട്ടിലിരുന്നവർ ഓരോ സെഷൻ കഴിയുമ്പോഴും അവരുടെ ലക്ഷ്യങ്ങൾ മാറ്റിക്കൊണ്ടിരുന്നു. ലഞ്ച് ആയപ്പോഴേക്കും വിജയം ലക്ഷ്യമിടാമെന്ന മട്ടിൽ കാര്യങ്ങൾ മാറി. കളികാണാനിരുന്നവർ അവരുടെ സീറ്റുകളിൽ നിന്ന് മാറിയില്ല. കമ്പ്യൂട്ടർ അനലിസ്റ്റിന്റെ അടുത്ത് ഉടുപ്പിടാതെ ഒരു ടവൽ മാത്രം ചുറ്റിയിരുന്ന ക്യാപ്ടൻ ഗാംഗുലിയാകട്ടെ കളി അവസാനിക്കുന്നത് വരെ അങ്ങനെ തുടർന്നു.
പുറം വേദനയുമായി ബാറ്റ് ചെയ്ത ലക്ഷ്മണും വൈറൽ പനിയുമായി പൊരുതാനിറങ്ങിയ ദ്രാവിഡും ചായ സെഷനായപ്പോഴേക്കും അവശരായിരുന്നു. അവർ പരസ്പരം ഓർമ്മിപ്പിച്ചത് ഒറ്റക്കാര്യമായിരുന്നു ഇന്ത്യൻ പട്ടാളക്കാരെക്കുറിച്ച്. കഠിനമായ പരിതസ്ഥിതികൾക്കിടയിൽ നാടിനെ കാക്കാൻ കണ്ണിമ ചിമ്മാത കാവലീരിക്കുന്നവരെ കുറിച്ച് സംസാരിച്ച് അവർ പ്രചോദനമുൾക്കൊണ്ടു..
നാലാം ദിനം അവസാനിച്ചപ്പോൾ ഇന്ത്യ നാല് വിക്കറ്റിന് 589 റൺസ് എന്ന നിലയിലായിരുന്നു. തന്റെ കരിയറിലെ ആദ്യ ഡബിൾ സെഞ്ച്വറി കുറിച്ച് വിവിഎസ് 275 റൺസോടെയും ഒൻപതാം ടെസ്റ്റ് സെഞ്ച്വറി തികച്ച് രാഹുൽ ദ്രാവിഡ് 155 റൺസോടെയും പുറത്താകാതെ നിന്നു. ഇന്ത്യൻ ലീഡ് 314 റൺസ്..
അഞ്ചാം ദിനം കുറച്ച് ഓവറുകളിൽ കൂടുതൽ റൺസ്. 75 ഓവറുകളെങ്കിലും ഓസീസിനെ ബാറ്റ് ചെയ്യിക്കുക ഇതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. റൺ റേറ്റ് കൂട്ടാനുള്ള ശ്രമത്തിൽ ലക്ഷ്മൺ ആദ്യം വീണു. മഗ്രാത്തിന്റെ പന്തിൽ പോണ്ടിംഗ് പിടിച്ച് 281 റൺസെടുത്ത ലക്ഷ്മണിന്റെ ഐതിഹാസിക ഇന്നിംഗ്സ് അവസാനിച്ചു. നയൻ മോംഗിയയും മഗ്രാത്തിനു മുന്നിൽ കീഴടങ്ങി. 180 റൺസെടുത്ത രാഹുൽ ദ്രാവിഡ് പുറത്തായതിനു ശേഷം രണ്ട് ഓവറുകൾ കഴിഞ്ഞപ്പോൾ ക്യാപ്ടൻ ഗാംഗുലി ഇന്ത്യയുടെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഇന്ത്യ 7 വിക്കറ്റിന് 657 റൺസ് . ഓസ്ട്രേലിയക്ക് ജയിക്കാൻ വേണ്ടത് 384 റൺസ് .
മൈക്കൽ സ്ളേറ്ററും മാത്യു ഹെയ്ഡനും ജയിക്കാൻ ഉറച്ച് തന്നെയാണ് കളിയാരംഭിച്ചത്. സ്കോർ 74 ൽ നിൽക്കെ ആദ്യ വിക്കറ്റ് വീണു. ഹർഭജന്റെ പന്തിൽ ബാറ്റ് വെച്ച സ്ലേറ്ററെ ക്യാപ്ടൻ ഗാംഗുലി ഒരു ക്ലോസ് ക്യാച്ചിലൂടെ പുറത്താക്കി. പിന്നീടെത്തിയ ജസ്റ്റിൻ ലാംഗർ വെങ്കിടപതി രാജുവിനെ അടുത്തടുത്ത പന്തുകളിൽ സിക്സറിനു തൂക്കിയെങ്കിലും ഹർഭജന്റെ പന്തിൽ സ്വീപ്പിനു ശ്രമിച്ച് എസ് രമേഷിന്റെ കയ്യിൽ അവസാനിച്ചു. ഓസ്ട്രേലിയ 2 ന് 106. ഫോം കണ്ടെത്താൻ കഴിയാതെ ഉഴലുന്ന മാർക്ക് വോ വെങ്കിടപതി രാജുവിന്റെ ഇടങ്കയ്യൻ സ്പിന്നിനു മുന്നിൽ ലെഗ് ബിഫോറായി പവലിയൻ കയറി. ആദ്യ ഇന്നിംഗ്സിലെ ഫോം പിന്തുടരുമെന്ന് തോന്നിച്ച് സ്റ്റീവ് വോയും ഒപ്പം അർദ്ധ സെഞ്ച്വറി തികച്ച് മാത്യു ഹെയ്ഡനും ചായക്ക് പിരിയുമ്പോൾ ഓസ്ട്രേലിയൻ സ്കോർ 3 വിക്കറ്റിന് 161 റൺസ് എന്ന നിലയിൽ എത്തിച്ചു .
ചായക്ക് ശേഷം കാര്യങ്ങൾ മാറി മറിഞ്ഞു. സ്കോർ 166 ൽ നിൽക്കെ സ്റ്റീവ് വോ ഹർഭജന്റെ പന്തിൽ ലെഗ് സ്ലിപ് ഫീൽഡറുടെ കയ്യിലൊതുങ്ങി. തീർന്നില്ല അതേ ഓവറിൽ റിക്കി പോണ്ടിംഗും ലെഗ് സ്ലിപ്പിൽ അവസാനിച്ചു. സ്കോർ 5 ന് 166.
ബാറ്റ് കൊണ്ട് ടീമിന് സംഭാവന നൽകാൻ കഴിയാതിരുന്ന സച്ചിന്റെ ഊഴമായിരുന്നു അടുത്തത്. ഗിൽക്രൈസ്റ്റ് നേരിട്ട ആദ്യ പന്തിൽ തന്നെ വിക്കറ്റിനു മുന്നിൽ കുടുങ്ങി. ആറ് വിക്കറ്റിന് 167. സച്ചിൻ അവിടം കൊണ്ടും നിർത്തിയില്ല. മാത്യു ഹെയ്ഡനേയും ഷെയ്ൻ വോണിനേയും തന്റെ അടുത്തടുത്ത ഓവറുകളിൽ വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ ഓസ്ട്രേലിയ 8 ന് 174 എന്ന നിലയിൽ തകർന്നു. ഹർഭജന്റെ പന്തിൽ ജേസൻ ഗില്ലസ്പി ഷോർട്ട് ലെഗിൽ ശിവസുന്ദർദാസിന്റെ ഉജ്ജ്വലമായ ഒരു ക്യാച്ചിൽ പുറത്തായി. ഓസ്ട്രേലിയ 9 ന് 191. പിന്നീട് പതിനാറ് ഓവറുകൾ മാത്രമാണ് പരമാവധി ബൗൾ ചെയ്യാൻ കഴിയുക. ഇതിൽ ഒൻപത് ഓവറുകൾ മഗ്രാത്തും കാസ്പറോവിച്ചും പിടിച്ചു നിന്നു. ഒടുവിൽ 69 അം ഓവറിൽ അത് സംഭവിച്ചു. ഗ്ലെൻ മഗ്രാത്ത് ഹർഭജന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി .ഹർഭജന് ആറ് വിക്കറ്റ്. ഓസ്ട്രേലിയ 212 ഓൾ ഔട്ട്. ഇന്ത്യക്ക് 171 റൺസിന്റെ ചരിത്ര വിജയം. തുടർച്ചയായ 16 ടെസ്റ്റ് വിജയങ്ങളുടെ ഓസീസ് ജൈത്രയാത്രക്ക് ഈഡൻ ഗാർഡൻസിൽ അന്ത്യം.
വിവിഎസ് എന്നാൽ വെരി വെരി സ്പെഷ്യൽ എന്നായി മാറാൻ കാരണമായ ഇന്നിംഗ്സായിരുന്നു അത്. ലോകത്തെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്സുകളിൽ ആറാം സ്ഥാനമാണ് കൊൽക്കത്തയിലെ പോരാട്ടത്തിന് വിസ്ഡൻ നൽകിയത്. ഇ.എസ്.പി.എൻ നടത്തിയ ഓൺലൈൻ പോളിൽ അൻപത് ഇന്നിംഗ്സിൽ ഒനാം സ്ഥാനവും കരസ്ഥമാക്കി. ലോകത്തെ പ്രമുഖ ക്രിക്കറ്റർമാരുടെയെല്ലാം ഇഷ്ട ഇന്നിംഗ്സും ആ 281 തന്നെ. ഓസ്ട്രേലിയയോട് നേടിയ ആ വിജയത്തോടെ ഫോളോ ഓണിനു ശേഷം വിജയിക്കുന്ന മൂന്നാമത്തെ ടീമും രണ്ടാമത്തെ രാജ്യവുമായി ഇന്ത്യ. ഇംഗ്ലണ്ട് രണ്ട് വട്ടം നേരത്തെ ഓസ്ട്രേലിയയെ ഇങ്ങനെ തോൽപ്പിച്ചിരുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ഗതി മാറ്റിയ രണ്ട് ചരിത്ര സംഭവങ്ങളായിരുന്നു 2001ലും 2002 ലും നടന്നത്. അസാദ്ധ്യമെന്ന് തോന്നിച്ച വിജയം അസാമാന്യമായ ചങ്കൂറ്റത്തോടെ പൊരുതി നേടിയ 2001 ലെ ടെസ്റ്റ് ടീം .ദ്രാവിഡിന്റെയും വിവിഎസിന്റെയും ഐതിഹാസികമായ പോരാട്ടം . ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ ഗതി മാറ്റിയെങ്കിൽ തൊട്ടടുത്ത വർഷം നാറ്റ്‌വെസ്റ്റ് പരമ്പര ഫൈനലിൽ ലോഡ്സിൽ വെച്ച് യുവരാജിന്റെയും മുഹമ്മദ് കൈഫിന്റെയും പോരാട്ടം ഏകദിന ക്രിക്കറ്റിലും നാഴികക്കല്ലായി.. വിജയം ശീലമാക്കിയ ഇന്ത്യയും ഏത് സാഹചര്യത്തെയും നെഞ്ചുറപ്പോടെ നേരിടാൻ തയ്യാറായ ഗാംഗുലി എന്ന നായകനും . പിന്നീടുള്ള ഇന്ത്യൻ വിജയങ്ങൾക്ക് ഇവയായിരുന്നു അടിസ്ഥാനമിട്ടത്.
Discussion about this post