സിനിമാ സെറ്റില്‍ വച്ച് തനിക്ക് ലൈംഗികാതിക്രമം നേരിട്ടെന്ന് വെളിപ്പെടുത്തി മേക്കപ്പ് ആര്‍ട്ടിസ്റ്റ്. തൃശൂര്‍ സ്വദേശിയായ വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. ലൈംഗികാതിക്രമത്തിന് പിന്നാലെ ഫെഫ്കയില്‍ പരാതി നല്‍കിയപ്പോള്‍ ഭാരവാഹികള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.
മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാജി പുല്‍പ്പള്ളിക്കെതിരെയാണ് യുവതി ആരോപണം ഉന്നയിച്ചത്. കൂടുതല്‍ അവസരം ലഭിക്കണമെങ്കില്‍ വീഡിയോകോള്‍ ചെയ്യണമെന്ന് ഇയാള്‍ പറഞ്ഞതായും വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് വെളിപ്പെടുത്തല്‍ നടത്തിയത്.
സിനിമാ മേഖലയില്‍ നിന്നും കൂടുതല്‍ ലൈംഗികാരോപണങ്ങള്‍ ഉയരുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.നിലവില്‍ മുകേഷ്, ഇടവേള ബാബു, സിദ്ദിഖ്, രഞ്ജിത്ത്, ജയസൂര്യ തുടങ്ങിയവര്‍ക്കെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്.
ലൈംഗിക കുറ്റകൃത്യങ്ങളില്‍ അതിജീവിതകള്‍ക്ക് പരാതിപ്പെടാനും കൃത്യമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതിനെ ഫെഫ്ക നേരത്തെ സ്വാഗതം ചെയ്തിരുന്നു.
അതിജീവിതമാരെ പരാതി നല്‍കുന്നതിലേക്കും നിയമപരമായ നടപടികളിലേക്കും സന്നദ്ധരാക്കാനും സാദ്ധ്യമായ എല്ലാ നിയമ സഹായങ്ങളും അവര്‍ക്ക് ഉറപ്പാക്കാനും ഫെഫ്കയിലെ സ്ത്രീ അംഗങ്ങളുടെ കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും സംഘടന അറിയിച്ചിരുന്നു. ഇതിനിടയിലാണ് പരാതി പറഞ്ഞതിന്ന സംഘടന ഭാരവാഹികള്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് യുവതി രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post