ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി. പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്നും പല ഭാഷകളാണെങ്കിലും നാമെല്ലാം ഇന്ത്യക്കാരാണെന്നും ഒന്നാണെന്നും മോദി വ്യക്തമാക്കി.
രാഷ്ട്രദൂതര്‍ എന്നാണ് പ്രവാസികളെ താന്‍ വിളിക്കുന്നതെന്നും മോദി പറഞ്ഞു. ആയിരണക്കിന് പേരാണ് സ്റ്റേഡിയത്തില്‍ മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഹര്‍ഷാരവത്തോടെയാണ് മോദിയെ പ്രവാസികള്‍ സ്വീകരിച്ചത്
ത്രിദിന സന്ദര്‍ശനത്തിനായി യുഎസില്‍ എത്തിയ പ്രധാനമന്ത്രി മോദിക്ക് നേരത്തെ ഫിലാഡല്‍ഫിയയില്‍ എത്തിയപ്പോള്‍ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. പ്രധാനമന്ത്രി മോദിയെ പ്രസിഡന്റ് ബൈഡന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ സ്വീകരിച്ചു. കൂടിക്കാഴ്ചയുടെ ഫോട്ടോകള്‍ പങ്കുവെച്ച യുഎസ് പ്രസിഡന്റ്, പ്രധാനമന്ത്രി മോദിയെ കാണുമ്പോഴെല്ലാം സഹകരണത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് തന്നെ അത്ഭുതപ്പെടുത്തുന്നതായി പറഞ്ഞു.’ഇന്ത്യയുമായുള്ള അമേരിക്കയുടെ പങ്കാളിത്തം ചരിത്രത്തിലെ ഏത് സമയത്തേക്കാളും ശക്തവും അടുപ്പവും ചലനാത്മകവുമാണ്. ഞങ്ങള്‍ ഓരോ തവണ ഇരിക്കുമ്പോഴും സഹകരണത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്താനുള്ള പ്രധാനമന്ത്രി മോദിയുടെ കഴിവ് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇന്നും വ്യത്യസ്തമായിരുന്നില്ല,’- പ്രസിഡന്റ് ബൈഡന്‍ എക്‌സില്‍ കുറിച്ചു.
ക്വാഡ് ഉ ച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.ചൈനയില്‍ നിന്നുള്ള വെല്ലുവിളിയും ഇന്തോ പസഫിക് മേഖലയിലെ സുരക്ഷയുമാണ് ക്വാഡ് ഉച്ചകോടിയില്‍ ചര്‍ച്ചയായത്. ദക്ഷിണ ചൈന കടലില്‍ ഉയരുന്ന പ്രശ്‌നങ്ങളിലും റഷ്യ- ഉത്തര കൊറിയ ബന്ധം ശക്തമാകുന്നതിലും ഉച്ചകോടിയില്‍ നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു.
2025ല്‍ ഇന്ത്യയാണ് ക്വാഡ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുക. ഉച്ചകോടിക്ക് മുന്‍പായി യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തി. യു എസില്‍ നിന്ന് വാങ്ങുന്ന 31 എംക്യു-9ബി സ്‌കൈ ഗാര്‍ഡിയന്‍, സീ ഗാര്‍ഡിയന്‍ ഡ്രോണുകളുടെ കൈമാറ്റ പുരോഗതി വിലയിരുത്തി. കൊല്‍ക്കത്തയില്‍ സെമി കണ്ടക്റ്റര്‍ പ്ലാന്റ് നിര്‍മിക്കുന്നതടക്കം വിവിധ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കാനും ധാരണയായി.
Discussion about this post