വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് അതിജീവിച്ചവരെ സഹായിക്കാനായി കൈകോര്‍ത്ത് തമിഴ്മക്കള്‍. ദിണ്ടിക്കലില്‍ സഹായധനം സമാഹരിക്കുന്നതിനായി ആയിരത്തിമുന്നൂറിലധികം പേരാണ് ‘മൊയ് വിരുന്നു’ണ്ടത്. ദിണ്ടിക്കലിലെ ഹോട്ടലുടമയാണ് തമിഴ്‌നാട്ടിലെ പരമ്പരാഗത ചടങ്ങായ ‘മൊയ് വിരുന്ന്’ നടത്തി സഹായധനം സമാഹരിച്ചത്.
പാവപ്പെട്ടവരെയും മറ്റും സഹായിക്കാന്‍ സമൂഹസദ്യ നടത്തിയശേഷം അതില്‍ പങ്കെടുക്കുന്നവര്‍ തന്നെക്കൊണ്ട് സാധിക്കുന്ന തുക സംഭാവനയായി നല്‍കുന്നതിനാണ്’മൊയ് വിരുന്ന്’ എന്ന് പറയുന്നത്. ഇത് ഇലയ്ക്കടിയിലോ പൊതുവായി വെച്ച പെട്ടിയിലോ ഇടും.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, ദിണ്ടിക്കലില്‍ ബിരിയാണി ഹോട്ടല്‍ നടത്തുന്ന കെ. മുജീബ് റഹ്‌മാനാണ് ‘മൊയ് വിരുന്ന്’ സംഘടിപ്പിച്ചത്. ദുരിതബാധിതരെ സഹായിക്കാന്‍ എല്ലാവരെയും സഹകരിപ്പിക്കുക എന്നതു ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് മുജീബ് റഹ്‌മാന്‍ പറഞ്ഞു.
സോഷ്യല്‍മീഡിയയില്‍ അറിയിപ്പുനല്‍കിയശേഷം ദിണ്ടിക്കല്‍ റൗണ്ട് റോഡിലെ സ്വന്തം ഹോട്ടലില്‍ത്തന്നെയാണ് ഇദ്ദേഹം ബിരിയാണിയൊരുക്കിയത്. വൈകുന്നേരം നടത്തിയ വിരുന്നില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 1,300-ഓളം പേര്‍ പങ്കെടുത്തു. പലരും 100 മുതല്‍ 2,500 രൂപവരെ ഇലയുടെ അടിയില്‍ വെച്ചു. ആകെ മൂന്നുലക്ഷം രൂപ കിട്ടിയെന്നും ഈ തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചൊവ്വാഴ്ച നല്‍കുമെന്നും മുജീബ് റഹ്‌മാന്‍ പറഞ്ഞു.
Discussion about this post