വാഷിംഗ്ടൺ : യുഎൻ മുൻ അംബാസഡറും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. ദക്ഷിണ കരോലിനയുടെ ഗവർണറായി രണ്ട് തവണ സേവനമനുഷ്ഠിച്ച ഹേലി, ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറായിരുന്നു. 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് നിക്കി മത്സരിക്കുമെന്നാണ് സൂചന. ഫെബ്രുവരി 15 ന് പ്രഖ്യാപനം നടത്തുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്.
2024 ലെ തിരഞ്ഞെടുപ്പില് മത്സരിക്കുമെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. ട്രംപ് മത്സരിച്ചാൽ അദ്ദേഹത്തെ വെല്ലുവിളിക്കില്ലെന്ന് ഹേലിയും നേരത്തെ പറഞ്ഞിരുന്നു. എന്നാൽ നിക്കി ഹേലി ഈ നിലപാടിൽ മാറ്റം വരുത്തി. പുതിയ തലമുറയ്ക്ക് സമയമായെന്നാണ് നിക്കി ഹേലി പറയുന്നത്. ”ഐക്യരാഷ്ട്രസഭയിൽ എനിക്ക് ചെയ്യാൻ കഴിയുന്നത് ഞാൻ ചെയ്തുവെന്ന് കരുതുന്നു. ഇനി പുതിയ തുടക്കമാണ്” നിക്കി ഹേലി വ്യക്തമാക്കി.
ഡൊണാൾഡ് ട്രംപും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് പ്രഖ്യാപിച്ചിട്ടില്ലാത്ത ഫ്‌ലോറിഡ ഗവർണർ റോൺ ഡിസാന്റിസും ശ്രദ്ധ നേടുന്ന സാഹചര്യത്തിൽ വോട്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റാനും വേണ്ടിയാണ് ഹേലി നേരത്തെ പ്രചാരണം നടത്താൻ തീരുമാനിച്ചതെന്ന് ഹേലിയുമായി അടുത്ത് ബന്ധമുള്ള ഉന്നതർ പറയുന്നുണ്ട്.
കാബിനറ്റ് തലത്തിൽ ഇടം നേടുന്ന ആദ്യത്തെ ഇന്ത്യൻ വംശജയാണ് നിംറത നിക്കി രാന്ധവ എന്ന നിക്കി ഹേലി. ഇവരുടെ അച്ഛനും അമ്മയും സിഖ് വിഭാഗക്കാരാണ്. പഞ്ചാബിലെ അമൃത്സറിൽ നിന്ന് സൗത്ത് കരോലീനയിലേക്ക് കുടിയേറിയവരാണ് അച്ഛൻ അജിത് സിംഗ് രാന്ധവയും അമ്മ രാജ് കൗറും.
Discussion about this post