സിയോള്‍: നോര്‍ത്ത് കൊറിയയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ആയിരത്തിലധികം ആളുകള്‍ മരിച്ച സംഭവത്തിന് പിന്നാലെ 30 ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഉത്തരവിട്ട് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഇത്രയും ജനങ്ങളുടെ മരണം തടയാന്‍ നടപടി സ്വീകരിക്കുന്നതില്‍ സമയോചിതമായി ഇടപെടലുകള്‍ നടത്തുന്നതില്‍ ഇവര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ജനങ്ങളുടെ മരണം തടയാന്‍ ഒരു നടപടിയുമെടുക്കാത്തവര്‍ക്ക് തക്കതായ ശിക്ഷയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഓഗസ്റ്റ് അവസാനം ഇവരെ വധിച്ചതായും ചില ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഉത്തരകൊറിയന്‍ ആഭ്യന്തരകാര്യങ്ങള്‍ അതീവരഹസ്യമായതിനാല്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുന്ന അറിയിപ്പുകളൊന്നുമില്ല. എന്നാല്‍, പ്രളയത്തിന് പിന്നാലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കര്‍ശനമായി ശിക്ഷിക്കാന്‍ കിം അധികാരികളോട് ആവശ്യപ്പെട്ടതായി ഉത്തരകൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെസിഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു.
അടിയന്തിരമായി വിളിച്ചു ചേര്‍ത്ത പൊളിറ്റ്ബ്യൂറോ മീറ്റില്‍ വെച്ച് അവരെ കഠിനമായി തന്നെ ശിക്ഷിക്കണമെന്ന് കിം ജോങ് തന്നെ നേരിട്ട് ആവശ്യമുന്നയിച്ചതായാണ് റിപ്പോര്‍ട്ട്. ഇത്രയും ജനങ്ങള്‍ മരിക്കുന്നതോ നാശനഷ്ടങ്ങള്‍ സംഭവിക്കുന്നതോ ഒരിക്കലും അനുവദിച്ച് നല്‍കാന്‍ പറ്റുന്നതല്ലെന്നും ഇതിനൊക്കെ പിന്നില്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്ലായ്മയാണെന്നും കിം പറഞ്ഞതായാണ് റിപ്പോര്‍ട്ട് .
കൃത്യമായ സമയത്ത് നടപടികള്‍ എടുത്തിരുന്നെങ്കില്‍ മരണസംഖ്യ കുറയ്ക്കാമെന്നായിരുന്നു അധികൃതരുടെ നിലപാട്. ചൈനീസ് അതിര്‍ത്തിയോടുചേര്‍ന്ന ഛഗാങ് പ്രവിശ്യയില്‍ ജൂലൈയില്‍ ആയിരുന്നു പ്രളയം. കനത്ത മഴയിലും മണ്ണിടിച്ചിലിലും ആയിരത്തിലധികം പേര്‍ മരിച്ചുവെന്നും നിരവധിപ്പേര്‍ക്ക് പരുക്കേറ്റുവെന്നുമാണ് റിപ്പോര്‍ട്ട്. അനേകര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു.
Discussion about this post