കൊച്ചി: മലയാള സിനിമയിലേക്ക് ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്ന നടി ഭാവനയെ സ്വാഗതം ചെയ്യുന്ന സഹതാരങ്ങളുടെ വീഡിയോ വൈറലായി. വെളളിയാഴ്ച റിലീസ് ചെയ്യുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെയാണ് ഭാവനയുടെ മടങ്ങിവരവ്. വെൽക്കം ബാക്ക് ഭാവന എന്ന് പറഞ്ഞാണ് താരങ്ങൾ നടിയെ സ്വാഗതം ചെയ്യുന്നത്. ഭാവന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ വലിയ പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ഫ്‌ളയിംഗ് കിസ് നൽകിയാണ് മഞ്ജു ഭാവനയെ വരവേൽക്കുന്നത്. എല്ലാം അടിപൊളിയാകട്ടെയെന്നും ദൈവം അനുഗ്രഹിക്കട്ടെയെന്നുമാണ് കുഞ്ചാക്കോ ബോബന്റെ ആശംസ. ടൊവിനോ ഉൾപ്പെടെയുളള താരങ്ങളും വെൽക്കം ബാക്ക് പറഞ്ഞ് നടിക്ക് ആശംസ അറിയിക്കുന്നുണ്ട്.
വീഡിയോയ്‌ക്കൊപ്പം വികാരപരമായ കുറിപ്പും ഭാവന പങ്കുവെയ്ക്കുന്നു. പിടിച്ചുനിർത്താനാകാത്ത സങ്കോചവും ഹൃദയമിടിപ്പുമാണ് റിലീസിലേക്ക് അടുക്കുമ്പോൾ തന്റെ ഉളളിലെന്ന് ഭാവന കുറിച്ചു. മലയാളത്തിൽ വീണ്ടും അഭിനയിക്കാൻ തന്നെ നിർബന്ധിച്ച എല്ലാവർക്കും, ഈ യാത്രയ്ക്ക് പിന്തുണ നൽകിയവർക്കും നടി നന്ദിയും പറഞ്ഞു. മറ്റൊരു ഇന്നിങ്‌സ് ഇവിടെ ആരംഭിക്കുകയാണെന്നും ഭാവന കുറിച്ചു.
മഞ്ജു വാര്യർ, പ്രിയാ മണി, ജാക്കി ഷെറോഫ്, മാധവൻ, പാർവ്വതി, ജിതേഷ് പിളള തുടങ്ങി ആശംസ അറിയിച്ച എല്ലാവരെയും മെൻഷൻ ചെയ്താണ് വീഡിയോ ഇട്ടിരിക്കുന്നത്. തിരിച്ചുവരവ് മുൻകൂട്ടി തീരുമാനിച്ചതല്ലെന്നും പക്ഷെ ഇതാണ് ശരിയായ സമയം എന്ന് തോന്നിയതിനാലാണ് തീരുമാനമെടുത്തതെന്നും ഭാവന കഴിഞ്ഞ ദിവസം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രതികരണത്തിൽ പറഞ്ഞിരുന്നു.
ഭാവനയ്‌ക്കൊപ്പം ഷറഫുദ്ദീൻ ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലണ്ടൻ ടാക്കീസിന്റെയും ബോൺഹോമി എന്റർടെയ്ൻമെന്റ്‌സിന്റെയും ബാനറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാജേഷ് കൃഷ്ണയ്‌ക്കൊപ്പം റെനീഷ് അബ്ദുൾ ഖാദർ ആണ് നിർമാണം. ആദിൽ മൈമൂനത്ത് അഷ്‌റഫ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബിജിബാൽ ആണ് പശ്ചാത്തല സംഗീതം. അരുൺ റുഷ്ദിയാണ് ക്യാമറ.












