ഇസ്ലാമാബാദ്: പ്രതിസന്ധികൾ ഒന്നൊഴിയാതെ തുടരുന്നതിനിടെ പാകിസ്താൻ പാർലമെന്റ് പിരിച്ചുവിട്ടു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ശുപാർശ പ്രകാരമാണ് പാകിസ്താൻ പാർലമെന്റ് ബുധനാഴ്ച വൈകിട്ടോടെ പിരിച്ചുവിട്ടത്. ഇതോടെ രാജ്യത്ത് പുതിയ പൊതുതിരഞ്ഞെടുപ്പിന് കളമൊരുങ്ങി.പാർലമെന്റിന്റെ അധോസഭയുടെ അഞ്ച് വർഷത്തെ കാലാവധി ഓഗസ്റ്റ് 12 ന് അവസാനിക്കാനിരിക്കെയാണ് പാർലമെന്റ് പിരിച്ചുവിട്ടത്.
പാർലമെന്റ് പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ആരിഫ് അൽവിക്ക് കത്തെഴുതുമെന്ന് ഷെബാസ് ഷെരീഫ് പറഞ്ഞിരുന്നു. ഷഹബാസ് ഷെരീഫ് സ്ഥാനമൊഴിഞ്ഞാൽ ഇടക്കാല സർക്കാർ രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കും. അടുത്ത സർക്കാർ അധികാരത്തിൽ വരുന്നത് വരെ ഷെഹ്ബാസ് ഷെരീഫ് കാവൽ പ്രധാനമന്ത്രിയായി തുടരും.പുതിയ ഇടക്കാല പ്രധാനമന്ത്രിയെ നിയമിക്കാൻ മൂന്നുദിവസവും പൊതുതിരഞ്ഞെടുപ്പ് നടത്താൻ 90 ദിവസവുമാണ് പാക് പ്രസിഡന്റ് സ്ഥാനമൊഴിയുന്ന സർക്കാരിന് നൽകിയത്. എന്നാൽ, അടുത്ത വർഷം വരെ തിരഞ്ഞെടുപ്പ് നീട്ടിയേക്കുമെന്നാണ് സൂചന.
‘ഇന്ന് രാത്രി, സഭയുടെ അനുമതിയോടെ, ദേശീയ അസംബ്ലി പിരിച്ചുവിടുന്നതിനുള്ള ഉപദേശം ഞാൻ പ്രസിഡന്റിന് അയയ്ക്കും.’ ബുധനാഴ്ച ദേശീയ അസംബ്ലിയിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ പ്രധാനമന്ത്രി ഷരീഫ് പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പ് നടക്കുമ്പോൾ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മത്സരിക്കാൻ കഴിയില്ല. അതിനിടെ സൈനിക അട്ടിമറി ഭീഷണിയും സർക്കാരിന് മുമ്പിലുണ്ട്. 1947 മുതൽ കുറഞ്ഞത് മൂന്ന് വിജയകരമായ അട്ടിമറികളെങ്കിലും നടത്തിയ ചരിത്രം പാകിസ്താൻ സൈന്യത്തിനുണ്ട് എന്നതാണ് ഭയത്തിന് കാരണം
Discussion about this post