ശ്രീനഗർ: അതിർത്തിയിൽ നിന്ന് ബിഎസ്എഫ് സൈനിക ട്രൂപ്പിന് നേരെ വെടിവെപ്പുമായി പാകിസ്താൻ റേഞ്ചർമാർ. പാകിസ്താൻ സൈനിക മേഖലയിൽ നിന്നാണ് പ്രകോപനമില്ലാതെ വെടിയുതിർത്തത്. സംഭവത്തിൽ രണ്ട് ബിഎസ്എഫ് ജവാൻമാർക്ക് പരിക്കേറ്റു.
അർണിയ സെക്ടറിലെ വിക്രം പോസ്റ്റിലാണ് വെടിവെപ്പുണ്ടായത്. പോസ്റ്റിന് സമീപം ചില വൈദ്യുതീകരണ ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ബിഎസ്എഫ് ജവാൻമാർ. ഇതിനിടെ വെടിവെപ്പുണ്ടായതാണ് പരിക്കേൽക്കാൻ കാരണം. നിമിഷങ്ങൾക്കകം സൈന്യം തിരിച്ചടിച്ചു.
അർണിയ സെക്ടറിലെ വിക്രം പോസ്റ്റിൽ ചൊവ്വാഴ്ച രാവിലെ 8.15 ഓടെ പാകിസ്താൻ റേഞ്ചേഴ്സ് സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു, തുടർന്ന് ബിഎസ്എഫ് ജവാൻമാർ തിരിച്ചടിച്ചതായി അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) പ്രസ്താവനയിൽ പറഞ്ഞു. വെടിവയ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് വെടിയേറ്റ് പരിക്കേറ്റതായും അവർക്ക് ഉടൻ വൈദ്യസഹായം നൽകിയതായും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യയും പാകിസ്താൻ സൈന്യവും തമ്മിലുള്ള 2021 ഫെബ്രുവരിയിലെ വെടിനിർത്തൽ ധാരണയ്ക്ക് ശേഷം ഇതാദ്യമായാണ് വെടിനിർത്തൽ കരാർ ലംഘനം നടക്കുന്നത്.
Discussion about this post