ഷില്ലോംഗ്: തനിക്കെതിരെ പാർട്ടി നേതാക്കളെക്കൊണ്ട് തുടർച്ചയായി അധിക്ഷേപം നടത്തുന്ന കോൺഗ്രസിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതിന് പിന്നാലെ ഡൽഹിയിൽ പ്രതിഷേധം നടത്തിയ കോൺഗ്രസുകാർ മോദിയുടെ ശവക്കുഴി തോണ്ടുമെന്ന് മുദ്രാവാക്യം വിളിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് മേഘാലയയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പ്രതികരിച്ചത്.
രാജ്യത്തെ ജനങ്ങൾ പറയുന്നത് മോദീ നിങ്ങളുടെ താമര വിരിയുമെന്നാണ്. എന്നാൽ രാജ്യം തിരസ്‌കരിച്ചതിൽ വിഷമിച്ചു കഴിയുന്ന ചിലർ പറയുന്നു മോദീ നിങ്ങളുടെ ശവക്കുഴി തോണ്ടിയെന്ന് . നിന്ദ്യമായ ചിന്തയും ഭാഷയും ഉപയോഗിക്കുന്നവർക്ക് രാജ്യത്തെ ജനങ്ങൾ ഉചിതമായ മറുപടി നൽകുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മേഘാലയയിൽ നിറഞ്ഞുനിൽക്കുന്ന ബിജെപി തരംഗമാണ് തനിക്ക് കാണാൻ കഴിയുന്നതെന്ന് നരേന്ദ്രമോദി പറഞ്ഞു. അത് മലനിരകളിലും സമതലത്തിലും ഗ്രാമത്തിലും പട്ടണങ്ങളിലുമെല്ലാം കാണാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന സർക്കാരാണ് മേഘാലയയ്ക്ക് വേണ്ടതെന്നും അല്ലാതെ കുടുംബത്തിന് പ്രഥമ പരിഗണന നൽകുന്നവരെയല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിജെപിക്ക് ഇന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ലഭിക്കുന്ന പിന്തുണ ചില കുടുംബങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങളുടെ ഫലമാണ്. മേഘാലയയ്ക്ക് കരുത്തിന്റെയും സമാധാനത്തിന്റെയും സ്ഥിരതയുടെയും പര്യായമാണ് ഇന്ന് താമര.
മേഘാലയയെക്കുറിച്ച് ചിന്തിക്കുമ്പോൾ ടാലന്റഡ് ആയ ആളുകളും വൈബ്രന്റ് ആയ പാരമ്പര്യവുമാണ് തന്റെ മനസിൽ എത്തുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പ്രത്യാശയുടെയും വികസനത്തിന്റെയും സന്ദേശവുമായിട്ടാണ് താൻ ഇവിടെ നിൽക്കുന്നതെന്നും മോദി പറഞ്ഞു.
Discussion about this post