ന്യൂഡൽഹി : മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് റൊട്ടി ഉണ്ടാക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇൻസ്റ്റഗ്രാമിലൂട പങ്കുവെച്ച വീഡിയോ വൈറലായതോടെ പ്രശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിൽ ഗേറ്റ്‌സിന്റെ പാചകത്തിലുള്ള കഴിവിനെ അഭിനന്ദിച്ചിരിക്കുകയാണ്.
” അടിപൊളി” എന്നാണ് ബിൽ ഗേറ്റ്‌സിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് മോദി പറഞ്ഞത്. ആരോഗ്യപ്രദമായ മില്ലറ്റുകളാണ് ഇപ്പോൾ ഇന്ത്യയിൽ ട്രെൻഡായി മാറിക്കൊണ്ടിരിക്കുന്നത്. അതിൽ തന്നെ നിരവധി വൈവിധ്യങ്ങൾ ഉണ്ടെന്നും താങ്കൾക്ക് അതും പരീക്ഷിക്കാമെന്നും മോദി പറയുന്നുണ്ട്.
തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇന്ത്യയിലെ പ്രധാന ഭക്ഷണ വിഭവമായ റൊട്ടി ചുടുന്ന വീഡിയോ ബിൽ ഗേറ്റ് പങ്കുവെച്ചത്. അമേരിക്കൻ സെലിബ്രിറ്റി ഷെഫായ ഈഥൻ ബെർനാഥിനൊപ്പമാണ് ബിൽഗേറ്റ്സ് റൊട്ടിയുണ്ടാക്കിയത്. തങ്ങൾ ഇരുവരും ചേർന്ന് അടിപൊളി റൊട്ടിയുണ്ടാക്കിയെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
ഈഥൻ തന്റെ ബീഹാർ സന്ദർശനം കഴിഞ്ഞ് ഇപ്പോഴാണ് തിരിച്ചെത്തിയത്. അവിടെ ഗോതമ്പ് കൃഷി പൊടിപൊടിക്കുകയാണ്. സാങ്കേതിക വിദ്യകൾ വർദ്ധിച്ചത് കാരണം വിളവിലും ഗണ്യമായ വർദ്ധനവുണ്ട്. ‘ദിദി കി രസോയി’ കമ്മ്യൂണിറ്റി കാന്റീനുകളിൽ നിന്നുള്ള സ്ത്രീകളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയെന്നും അവർ റൊട്ടി ഉണ്ടാക്കുന്നതെങ്ങനെയെന്ന് പഠിപ്പിച്ച് കൊടുത്തുവെന്നും ബിൽ ഗേറ്റ് പറഞ്ഞു.
ഗോതമ്പു കുഴയ്ക്കുന്നതും തവയിൽ റൊട്ടിയുണ്ടാക്കുന്നതുമെല്ലാം രസകരമായ രീതിയിലാണ് വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോയുടെ അവസാനം രണ്ട് പേരും അത് കഴിക്കുന്നതും കാണാം. ഇതിന് പിന്നാലെയാണ് മില്ലറ്റും ഉപയോഗിച്ച് നോക്കാൻ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ചത്.
മില്ലറ്റുകൾ ആഭ്യന്തരമായും അന്താരാഷ്ട്രതലത്തിലും പ്രോത്സാഹിപ്പിക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസം നടന്ന ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു. 2023 നെ അന്താരാഷ്ട്ര മില്ലറ്റുകളുടെ വർഷമായാണ് കണക്കാക്കുന്നത്. ജോവർ, റാഗി, ബജ്റ, റംദാന, ചീന, സാമ എന്നിവയുൾപ്പെടെ വിവിധതരം ധാന്യങ്ങൾ ഇന്ത്യ കൃഷി ചെയ്യുന്നുണ്ട്. ലോകത്തിലെ ഏറ്റവുമധികം മില്ലറ്റ് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇവയുടെ കയറ്റുമതിയിൽ രാജ്യം രണ്ടാം സ്ഥാനത്താണ്. ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ചിനെ ഇതിന്റെ കേന്ദ്രമാക്കി മാറ്റുമെന്നും നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.
Discussion about this post