ന്യൂഡൽഹി: ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.സമാധാനം പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ നിലപാട് ആവർത്തിച്ച നരേന്ദ്രമോദി, യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം ഉറപ്പാക്കണമെന്നും അഭ്യർത്ഥിച്ചു.ഇസ്രായേൽ-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സമുദ്ര ഗതാഗതത്തിലുണ്ടായ പ്രതിസന്ധിയും ഇരു നേതാക്കളും ചർച്ച ചെയ്തിട്ടുണ്ട്. നെതന്യാഹുവുമായി സംസാരിച്ച വിവരം പ്രധാനമന്ത്രി എക്‌സിലൂടെ പങ്കുവയ്ക്കുകയായിരുന്നു.
തുടരുന്ന ഇസ്രായേൽ-ഹമാസ് സംഘർഷത്തെക്കുറിച്ച്, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി സംസാരിച്ചു. കപ്പൽ ഗതാഗതത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകൾ ഉൾപ്പെടെ അദ്ദേഹവുമായി പങ്കുവച്ചു. ദുരിതബാധിതർക്ക് മാനുഷിക സഹായത്തോടൊപ്പം മേഖലയിൽ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ നിലപാടും ചൂണ്ടിക്കാട്ടിയെന്നാണ് പ്രധാനമന്ത്രി കുറിച്ചത്.
ഗാസയിൽ ഉടൻ വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ട് യു.എന്നിൽ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തിരുന്നു. ഇതിന് ശേഷം ഇതാദ്യമായാണ് ഇരു രാഷ്ട്രനേതാക്കളും തമ്മിൽ ചർച്ച നടത്തുന്നത്.
ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഭീകരാക്രമണം ഉണ്ടായി, ആ സമയത്ത് ബന്ദികളാക്കിയവരെക്കുറിച്ച് ആശങ്കയുണ്ട്. വലിയ മാനുഷിക പ്രതിസന്ധിയും വലിയ തോതിലുള്ള ജീവഹാനികളും, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങളും, വലിയ തോതിലുള്ള നഷ്ടവും ഈ യുദ്ധത്തിൽ ഉണ്ടായി. ഇവിടെ അന്താരാഷ്ട്ര നിരീക്ഷണത്തിന്റെ പ്രശ്‌നമുണ്ട്. എല്ലാ സാഹചര്യങ്ങളിലും മാനുഷിക നിയമം പാലിക്കണം, ദീർഘകാല പലസ്തീൻ പ്രശ്നത്തിന് സമാധാനപരവും ശാശ്വതവുമായ ഒരു ദ്വിരാഷ്ട്ര പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് വ്യക്തമാക്കിയിരുന്നത്.
Discussion about this post