കോട്ടയം: പട്ടാപ്പകൽ പോലീസിനെ ആക്രമിച്ച് യുവാവ്. കോട്ടയം നഗരമദ്ധ്യത്തിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ പോലീസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം പോലീസ് യുവാവിനെ അതിസാഹസികമായി കീഴ്‌പ്പെടുത്തുകയും ചെയ്തു.
കുമാരനല്ലൂർ സ്വദേശി അശോകനാണ് പോലീസിനെ ആക്രമിച്ചത്. നഗരത്തിലെ ബസേലിയോസ് കോളേജിന് സമീപം ട്രാഫിക് ട്യൂട്ടി നോക്കുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥനായ വിജേഷ്. ഇതിനിടെ അതുവഴി പോയ അശോകൻ യാതൊരു പ്രകോപനവുമില്ലാതെ വിജേഷിനെ ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടർന്ന് കൈപിടിച്ച് തിരിച്ചു. സംഭവ സമയം പോലീസ് ജീപ്പിൽ വനിതാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. യുവാവ് തങ്ങളുടെ നേർക്ക് വരുന്നത് കണ്ട വനിതാ ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു.
ആക്രമണത്തിൽ പരിക്കേറ്റ പോലീസുകാരൻ കൈവശമുണ്ടായിരുന്ന വയർലസ് സെറ്റിലൂടെ വിവരം മറ്റ് പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഉടനെ ഇവർ പോലീസുകാരനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ അശോകൻ ചന്തക്കവല ഭാഗത്ത് എത്തിയതായി പോലീസിലെ സ്‌പൈഡർ സംഘത്തിന് വിവരം കിട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയ സംഘം ഇയാളെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു.
കോട്ടയം ട്രാഫിക് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു യുവാവിനെ പിടികൂടാൻ ശ്രമിച്ചത്. ഇതിനിടെ യുവാവ് എസ്‌ഐയുടെ കഴുത്തിന് കുത്തിപ്പിച്ച് തള്ളി താഴെയിട്ടു. ഇതിന് ശേഷം രക്ഷപ്പെടുത്താൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായി പോലീസുകാർ ചേർന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ എന്ന് പോലീസ് അറിയിച്ചു.
Discussion about this post