തൃശ്ശൂർ: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീ പിടിത്തം മനുഷ്യ നിർമ്മിതമാണെന്ന് ബിജെപി പ്രഭാരിയും മുൻ വനംപരിസ്ഥിതി മന്ത്രിയുമായ പ്രകാശ് ജാവ്‌ദേക്കർ. സർക്കാരിന്റെ വലിയ അഴിമതിയുടെ ഫലമാണ് ജനങ്ങൾ അനുഭവിക്കുന്നത്. ജനങ്ങളുടെ ജീവൻ വച്ചാണ് സംസ്ഥാന സർക്കാർ കളിക്കുന്നത് എന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തൃശ്ശൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണ സംവിധാനം മുഴുവൻ പരാജയപ്പെട്ടു എന്നതിന്റെ ഉത്തമ തെളിവാണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ ഉണ്ടായ തീപിടിത്തം. ഇത് മനുഷ്യ നിർമ്മിതമാണ്. കരാറ് നൽകിയതിൽ വൻ അഴിമതിയാണ് ഉണ്ടായിരിക്കുന്നത്. ഇക്കാര്യം സംസ്ഥാന സർക്കാരിനും അറിയാം. ഇതിന്റെ ഫലമായി കൊച്ചിയിലെ ജനങ്ങൾ വിഷപ്പുക ശ്വസിച്ച് ജീവിക്കേണ്ട അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തി നഗരത്തിൽ ആകെ വിഷപ്പുക നിറഞ്ഞിരിക്കുകയാണ്. ഇതിന് സർക്കാർ ഉത്തരം പറഞ്ഞേ മതിയാകൂ. ജനങ്ങളുടെ ജീവൻ വച്ചാണ് സർക്കാർ കളിക്കുന്നത്. ഇക്കാര്യം ഓർമ്മ വേണം. കോടതിയുടെ മേൽ നോട്ടത്തിൽ സംഭവത്തിൽ അന്വേഷണം നടത്തണം. കുറ്റക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ഈ ഗതി തുടർന്നാൽ കൊച്ചി നഗരം എങ്ങനെ സ്മാർട് സിറ്റിയാകുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ചോദിച്ചു. സ്മാർട് സിറ്റി പദ്ധതിയ്ക്കായി കേന്ദ്രസർക്കാർ തിരഞ്ഞെടുത്ത 25 നഗരങ്ങളിൽ ഒന്നാണ് കൊച്ചി. നഗരത്തിലെ ആളുകളുടെ ജീവിത നിലവാരം ഉയർത്താനുള്ള സാമ്പത്തിക സഹായവും കേന്ദ്രം കോർപ്പറേഷന് നൽകുന്നുണ്ട്. ഈ തുക എന്ത് ചെയ്‌തെന്ന് കോർപ്പറേഷൻ വ്യക്തമാക്കണമെന്നും മുരളീധരൻ പറഞ്ഞിരുന്നു.
Discussion about this post