ഗിൽജിത്ത്: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വൈദ്യുതി വിതരണം നിർത്തിവച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഗിൽജിത്- ബാൾട്ടിസ്ഥാൻ ജനത. വൈദ്യുതി വിതരണം നിലച്ചതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരുട്ടിൽ കഴിയുകയാണ് ഇവർ. ഇതേ തുടർന്ന് പാക് സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി ജനങ്ങൾ രംഗത്ത് എത്തിയത്.
തെരുവിൽ ഇറങ്ങിയായിരുന്നു പ്രതിഷേധം. ഇതേ തുടർന്ന് പല നഗരങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ നിരവധി ആളുകളാണ് ബുദ്ധിമുട്ടിലായത്. അടുത്ത ദിവസം തന്നെ വൈദ്യുതി വിതരണം പുന:സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. അല്ലാത്ത പക്ഷം ദേശീയ പാതകൾ ഉപരോധിച്ച് പ്രതിഷേധം കടുപ്പിക്കുമെന്ന മുന്നറിയിപ്പും ഇവർ നൽകുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി മേഖലയെ സൈന്യം കോളനികൾക്ക് സമാനമായ രീതിയിൽ ഭരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് കനത്ത പ്രഹരമായി വൈദ്യുതി പ്രതിസന്ധിയും ഉടലെടുത്തത്.
ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഫെഡറൽ സർക്കാരിൽ നിന്നും കൂടുതൽ പണം നൽകണമെന്ന ആവശ്യവുമായി ഗിൽജിത്ത്- ബാൾട്ടിസ്ഥാൻ ഗവർണർ സയ്യദ് മെഹ്ദി ഷാഹ് രംഗത്ത് എത്തി. ഫെഡറൽ സർക്കാർ ഇതുവരെ എല്ലാ വർഷവും നൽകിവരുന്ന ഗ്രാൻഡ് നൽകിയിട്ടില്ല. ഈ ഗ്രാൻഡിനെ ആശ്രയിച്ചാണ് പ്രദേശത്തെ ആളുകൾ കഴിയുന്നത്. അതിനാൽ പണം അനുവദിക്കണം. നിലവിൽ വലിയ ബുദ്ധിമുട്ടാണ് ജനങ്ങൾ അനുഭവിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ ദിനം പിന്നിടുമ്പോഴും പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയാണ്. അവശ്യസാധനങ്ങൾക്കായി തീ വില നൽകേണ്ട സാഹചര്യമാണ് നിലവിൽ സംസ്ഥാനത്ത് ഉള്ളത്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും രൂക്ഷമാകുന്നുണ്ട്. ഇതിനിടെ രാജ്യത്ത് ഉണ്ടായ വെള്ളപ്പൊക്കം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി.
Discussion about this post