ന്യൂഡൽഹി; നടപ്പുസാമ്പത്തിക വർഷം ഇതുവരെ ചരക്ക് ഗതാഗതത്തിലൂടെ റെയിൽവേ നേടിയത് മികച്ച വരുമാനം. ആദ്യ 10 മാസത്തെ കണക്കിൽ 1.30 ലക്ഷം കോടി രൂപയാണ് റെയിൽവേയ്ക്ക് ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലഭിച്ച വരുമാനത്തിലും 16 ശതമാനം അധികമാണ് ഈ തുക.
കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിനെക്കാൾ ഏഴ് ശതമാനം അധികം ചരക്കുകളും റെയിൽവേ ഇക്കുറി കൊണ്ടുപോയതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 1159.08 മെട്രിക് ടൺ ചരക്കായിരുന്നു റെയിൽവേ കൊണ്ടുപോയത്. ഇക്കുറി ഇത് 1243.46 മെട്രിക് ടൺ ആയി ഉയർന്നു.
ജനുവരി മാസം മാത്രം മുൻവർഷത്തെ അപേക്ഷിച്ച് നാല് ശതമാനം വർദ്ധനയുണ്ടായതായി റെയിൽവേ വ്യക്തമാക്കുന്നു. ജനുവരിയിലെ ചരക്ക് ഗതാഗത വരുമാനത്തിൽ 13 ശതമാനമാണ് വർദ്ധനയുണ്ടായത്. കഴിഞ്ഞ ജനുവരിയിൽ 13172 കോടി രൂപയായിരുന്നു ലഭിച്ചത്. ഇക്കുറി 14907 കോടി രൂപയായി ഉയർന്നു.
റെയിൽവേയിലൂടെ ചരക്ക് ഗതാഗതം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ പ്രചാരണ പരിപാടികൾ റെയിൽവേ നടത്തിയിരുന്നു. ചരക്കുകൾ കൈകാര്യം ചെയ്യാൻ മികച്ച സൗകര്യമൊരുക്കുകയും സാധനങ്ങൾ കൊണ്ടുപോകുന്നതിനുളള നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്തതിലൂടെ കൂടുതൽ മേഖലകളിലുളളവരെ ഇതിലേക്ക് ആകർഷിക്കാൻ റെയിൽവേയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ചരക്ക് ഗതാഗതത്തെ റെയിൽവേയുടെ മുഖ്യ വരുമാനമാർഗങ്ങളിലൊന്നാക്കി മാറ്റുകയാണ് ലക്ഷ്യം.









Discussion about this post