ബംഗ്ലാദേശിൽ അടുത്തിടെയുണ്ടായ ഹിന്ദു യുവാക്കളുടെ കൊലപാതകങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ.ന്യൂനപക്ഷങ്ങൾക്കെതിരായ ശത്രുത ഇനി അവഗണിക്കാനാവില്ലെന്നും ഇത്തരം ക്രൂരതകളെ വെറും ‘രാഷ്ട്രീയ അക്രമം’ എന്ന് പറഞ്ഞ് ലഘൂകരിക്കാൻ ശ്രമിക്കരുതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ബംഗ്ലാദേശിലെ സംഭവവികാസങ്ങൾ ഭാരതം അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വെള്ളിയാഴ്ച (ഡിസംബർ 26, 2025) വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ വെറും മാധ്യമ പ്രചാരണമാണെന്ന ബംഗ്ലാദേശ് സർക്കാരിന്റെ അവകാശവാദത്തെ അദ്ദേഹം കണക്കുകൾ നിരത്തി തള്ളി.
“ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ കാലത്ത് മാത്രം 2,900-ലധികം അക്രമ സംഭവങ്ങളാണ് ന്യൂനപക്ഷങ്ങൾക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് മാദ്ധ്യമങ്ങൾ ഉണ്ടാക്കി പറയുന്നതല്ല, കൃത്യമായ തെളിവുകളുള്ള യാഥാർത്ഥ്യമാണ്. ഈ ക്രൂരതകളെ രാഷ്ട്രീയമായ അസ്ഥിരതയായി കണ്ട് തള്ളിക്കളയാനാവില്ലെന്ന് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
നരേന്ദ്ര മോദി സർക്കാരിന്റെ ‘അയൽപക്കം ആദ്യം’ എന്ന നയത്തിൽ ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണനയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബംഗ്ലാദേശിൽ വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായിരിക്കണം. ഭയരഹിതമായ ഒരന്തരീക്ഷത്തിൽ മാത്രമേ തെരഞ്ഞെടുപ്പ് സാധ്യമാകൂ എന്നും ഇന്ത്യ ഓർമ്മിപ്പിച്ചു.
രാജ്‌ബോരി ടൗണിലെ പംഗ്ഷാ ഉപസില്ലയിൽ അമിത് മൊണ്ഡൽ എന്ന ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവമാണ് ഏറ്റവും ഒടുവിൽ ഭാരതത്തെ പ്രകോപിപ്പിച്ചത്. പണം ആവശ്യപ്പെട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് ഒരു സംഘം അമിത് മൊണ്ഡലിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. ക്രിമിനൽ പശ്ചാത്തലം ആരോപിച്ച് ഹിന്ദു യുവാക്കളെ കൊലപ്പെടുത്തുന്ന രീതി ബംഗ്ലാദേശിൽ വ്യാപകമാവുകയാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച അമിത് രാത്രിയോടെ മരണത്തിന് കീഴടങ്ങി.










Discussion about this post