ആലപ്പുഴ: സിനിമാമേഖലയില്‍ മാത്രമല്ല എല്ലാ മേഖലയിലും സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് നടനും സംവിധായകനുമായ രണ്‍ജി പണിക്കര്‍. നിയമസാധ്യത പരിശോധിക്കേണ്ടത് സര്‍ക്കാരാണ്. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വച്ചത് ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കുമെന്നും രണ്‍ജി പണിക്കര്‍ പ്രതികരിച്ചു.
രഞ്ജിത്തിന്റെ രാജി എന്തെങ്കിലും സമ്മര്‍ദ്ദത്തിന്റെ പുറത്ത് ആണെന്ന് കരുതുന്നില്ല. ആരെയും മാറ്റി നിര്‍ത്താനോ വിലക്കാനോ കഴിയില്ല. നിങ്ങള്‍ക്ക് അവരെ ബഹിഷ്‌ക്കരിക്കാം. ഹേമ റിപ്പോര്‍ട്ടില്‍ എടുത്ത് ചാടിയുള്ള നടപടികള്‍ അല്ല വേണ്ടത്. നീതി ഉറപ്പാക്കണ്ട എന്ന നിലപാട് ആര്‍ക്കുമില്ല. സത്യം എന്തെന്ന് കാലം തെളിയിക്കട്ടെയെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.
ബംഗാളി നടിയായ ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചത്. രഞ്ജിത്ത് രാജി വയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് എല്‍ഡിഎഫ് നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് രഞ്ജിത്ത് രാജി വെക്കാന്‍ നിര്‍ബന്ധിതനായത്.
2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. സംഭവത്തില്‍ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫിനോടാണ്.
പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിര്‍ത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറയുന്നു. അതേസമയം, ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ധിഖ് രാജിവെച്ചു.
Discussion about this post