ഒരു പൊണ്ണത്തടിയന്‍ പൂച്ചയും അവനെക്കുറിച്ചുള്ള ആരോഗ്യചര്‍ച്ചകളുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന വിഷയങ്ങളിലൊന്ന്. ഭക്ഷണം കഴിച്ച് കഴിച്ച് ഒന്ന് തിരിയാന്‍ പോലുമാവാതെ വണ്ണം വെച്ചിരിക്കുന്ന അവനെ രക്ഷിക്കാന്‍ നിരവധി മൃഗസ്‌നേഹികളാണ് രംഗത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം റഷ്യയിലെ പെം എന്ന നഗരത്തിലെ ഒരു ആശുപത്രിയുടെ ബേസ്‌മെന്റില്‍ നിന്നുമാണ് ഇവനെ ഇവര്‍ കണ്ടെടുത്തത്. എ്ന്നാല്‍ ഇതൊരു തെരുവുപൂച്ചയൊന്നുമല്ല. ആശുപത്രി ജീവനക്കാരുടെ അരുമയാണ്. അത് തന്നെയാണ് ക്രംമ്പ്‌സ് എന്ന് അവര്‍ പേരിട്ടുവിളിക്കുന്ന ഈ പൂച്ചയ്ക്ക് വിനയായതും. അവര്‍ ക്രംമ്പ്‌സിനോടുള്ള സ്‌നേഹം മൂലം തുടരെതുടരെ ഭക്ഷണം നല്‍കി.
ഒടുവില്‍ ക്രംമ്പ്‌സ് ഒരു ഫുള്‍ബോള്‍ പോലെ ആയിരിക്കുകയാണ്. സാധാരാണപൂച്ചകള്‍ക്ക് 5 -6 കിലോയൊക്കെ ഭാരം വെക്കുമ്പോള്‍ പൊണ്ണത്തടിയന്‍ ക്രംമ്പ്‌സിന്റെ ഭാരം 18 കിലോയാണ്. ഇനിയും ഇങ്ങനെ തുടര്‍ന്നാല്‍ ക്രംമ്പ്‌സിന്റെ ആയുസ്സിന് തന്നെ ഭീഷണിയാകും എന്ന നിലയെത്തിയപ്പോള്‍ ആശുപത്രി ജീവനക്കാര്‍ തന്നെ സഹായത്തിന് മൃഗസ്‌നേഹികളെ വിളിക്കുകയായിരുന്നു.
അവരെത്തുമ്പോള്‍ നില്‍ക്കാനും നടക്കാനും പറ്റാത്ത അവസ്ഥ യിലായിരുന്നു ക്രംമ്പ്‌സ്. ഇപ്പോള്‍ പെം നഗരത്തിലുള്ള മൃഗസംരക്ഷണ സംഘടനയായ മാട്രോസ്‌കിനിന്റെ സംരക്ഷണത്തിലാണ് ഇവന്‍.
കുക്കിയും സൂപ്പുമായിരുന്നു പൂച്ചയുടെ ഇഷ്ടഭക്ഷണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇടവേളകളില്ലാതെ നിരവധിപ്പേര്‍ ഇഷ്ടഭക്ഷണം കൊണ്ടുവരുമ്പോള്‍ ക്രംമ്പ്‌സ് കഴിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. അമിതഭാരം കാരണം അള്‍ട്രാസൗണ്ട് പോലും ലഭ്യമായില്ലെന്ന് ഷെല്‍ട്ടര്‍ പ്രവര്‍ത്തകര്‍ പറയുന്നു. 5 കിലോ എന്ന നിലയിലേക്ക് ക്രംമ്പ്‌സിനെ കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണ്. ഇതിനായി പ്രത്യേകഭക്ഷണവും ട്രെഡ്മില്ലും ഒരുക്കിയിട്ടുണ്ട്.
Discussion about this post