നാഗ്‌പൂർ : ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ. കളി നിർത്തുമ്പോൾ 7 വിക്കറ്റിന് 321 റൺസ് എന്ന നിലയിലാണ് ആതിഥേയർ. ക്യാപ്ടൻ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറിയും ജഡേജയുടേയും അക്സർ പട്ടേലിന്റെയും അർദ്ധ സെഞ്ച്വറികളുമാണ് ഭേദപ്പെട്ട സ്കോർ നേടാൻ ഇന്ത്യയെ സഹായിച്ചത്. നിലവിൽ 144 റൺസ് മുന്നിലാണ് ഇന്ത്യ.
ഒരു വിക്കറ്റിന് 77 റൺസ് എന്ന നിലയിൽ കളി പുനരാരംഭിച്ച ഇന്ത്യയ് സ്കോർ 118 ൽ നിൽക്കേ രണ്ടാം വിക്കറ്റ് നഷ്ടമായി 23 റൺസെടുത്ത രവിചന്ദ്ര അശ്വിനെ പുതുമുഖ ഓഫ്ബ്രേക്ക് ബൗളർ ടോഡ് മർഫി വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ തുടർന്ന് വിക്കറ്റുകൾ വീണു. 135ൽ പൂജാരയേയും 151 ൽ വിരാട് കോഹ്‌ലിയേയും ഇന്ത്യക്ക് നഷ്ടമായി. മർഫിയാണ് ഇരുവരുടേയും വിക്കറ്റുകൾ നേടിയത്.
അരങ്ങേറ്റ മത്സരത്തിനിറങ്ങിയ സൂര്യകുമാർ യാദവും നിറം മങ്ങി. സ്കോർ 168 ൽ നിൽക്കേ 8 റൺസെടുത്ത യാദവിനെ നാഥൻ ലിയോൺ ബൗൾഡാക്കുകയായിരുന്നു. രവീന്ദ്ര ജഡേജയ്ക്കൊപ്പം ശ്രദ്ധാപൂർവ്വം കളിച്ച രോഹിത് ശർമ്മ കരിയറിലെ ഒൻപതാം സെഞ്ച്വറി നേടി റെക്കോഡിട്ടു. ക്യാപ്ടനെന്ന നിലയിൽ എല്ലാ അന്താരാഷ്ട്ര ക്രിക്കറ്റ് ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ്മ മാറി.
സ്വന്തം സ്കോർ 120 ൽ നിൽക്കേ പാറ്റ് കമ്മിൻസിന്റെ പന്തിൽ രോഹിത് ബൗൾഡായി. അരങ്ങേറ്റം കുറിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ശ്രീകർ ഭരതിനും അധികം പിടിച്ച് നിൽക്കാനായില്ല. ടോഡ് മർഫിയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്തായതോടെ ഇന്ത്യ 7 വിക്കറ്റിന് 241 എന്ന നിലയിലെത്തി. ജഡേജയ്ക്കൊപ്പം ചേർന്ന അക്സർ പട്ടേൽ ശ്രദ്ധാപൂർവ്വം ബാറ്റ് വീശിയതോടെ ഇന്ത്യ കളിയിലേക്ക് തിരിച്ചുവരികയായിരുന്നു. അർദ്ധ സെഞ്ച്വറികൾ നേടിയ ഇരുവരും രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യൻ സ്കോർ 321 ലെത്തിച്ചു. 66 റൺസോടെ ജഡേജയും 52 റൺസോടെ അക്സർ പട്ടേലും പുറത്താകാതെ നിൽക്കുകയാണ്.
ഓസ്ട്രേലിയക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച റ്റോഡ് മർഫി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി മത്സരം അവിസ്മരണീയമാക്കി. കമ്മിൻസും ലിയോണും ഒരു വിക്കറ്റ് വീതം വീഴ്ത്തി. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 177 റൺസാണെടുത്തത്. നിലവിൽ 144 റൺസ് മുന്നിലാണ് ഇന്ത്യ.
Discussion about this post