ന്യൂഡൽഹി: ആന്ധ്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കിരൺ കുമാർ റെഡ്ഡിക്ക് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലെ കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക്. ലോക്‌സഭാ മുൻ ഡെപ്യൂട്ടി സ്പീക്കർ ചരൺജീത് സിംഗ് അത് വാളിന്റെ മകനും ശിരോമണി അകാലിദൾ മുൻ വൈസ് പ്രസിഡന്റുമായ ഇന്ദർ ഇഖ്ബാൽ സിംഗ് അത്‌വാൾ ബിജെപിയിൽ ചേർന്നു. ഇളയ സഹോദരൻ ജസ്ജീത് സിംഗ് അത്‌വാളിനും അനുയായികൾക്കും ഒപ്പമാണ് ഇന്ദർ ഇഖ്ബാൽ സിംഗ് ബിജെപിയിലെത്തിയത്.
കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെയും മറ്റ് മുതിർന്ന ബിജെപി നേതാക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഇവർ ഔദ്യോഗികമായി ബിജെപിയുടെ ഭാഗമായത്. പഞ്ചാബിൽ ബിജെപിയെ ശക്തിപ്പെടുത്താൻ അഹോരാത്രം പ്രയത്‌നിക്കുമെന്ന് ആയിരുന്നു ഇന്ദർ ഇഖ്ബാൽ സിംഗിന്റെ ആദ്യ പ്രതികരണം. സിഖ് വിഭാഗക്കാരായ എല്ലാവരെയും കൂട്ടിയോജിപ്പിച്ചുളള വികസനത്തിന് വേണ്ടിയായിരിക്കും പഞ്ചാബിൽ പ്രവർത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
അംബേദ്ക്കർ വിഭാവനം ചെയ്ത ആശയങ്ങൾ അതിന്റെ എല്ലാ അർത്ഥത്തിലും മോദി സർക്കാർ മാത്രമാണ് നടപ്പാക്കുന്നത്. കർതാർപൂർ ഇടനാഴി തുറന്നതിലൂടെ പ്രധാനമന്ത്രി ചരിത്രപരമായ ചുവടുവെയ്പാണ് നടത്തിയത്. ക്ഷേമപദ്ധതികളും കേന്ദ്രസർക്കാരും നരേന്ദ്രമോദിയും നടപ്പാക്കുന്ന വികസനങ്ങളും കണ്ടാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
2004 മുതൽ 2009 വരെ യുപിഎ സർക്കാരിന്റെ കാലഘട്ടത്തിലായിരുന്നു ചരൺജീത് സിംഗ് അത് വാൾ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കർ ആയിരുന്നത്. പഞ്ചാബ് നിയമസഭാ സ്പീക്കർ കൂടിയായിരുന്നു ഇദ്ദേഹം.
Discussion about this post