മോളിവുഡ് മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത് വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ഇപ്പോഴും സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലും സോഷ്യല്‍മീഡിയയിലും പങ്കുവെക്കുന്നുണ്ട്.
ഈ പശ്ചാത്തലത്തില്‍ കന്നട സിനിമ മേഖലയില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ലൈംഗികാതിക്രമങ്ങളും മറ്റു പ്രശ്‌നങ്ങളെയും കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കണം എന്ന് ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുകയാണ് FIRE ( ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് ഇക്വാലിറ്റി).
പ്രസ്തുത ആവശ്യം ഉന്നയിച്ചുകൊണ്ട് സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. മലയാള സിനിമ മേഖലയിലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് സമാനമായി കന്നട സിനിമ മേഖലയിലും അത്തരത്തില്‍ ഒരു പഠനം നടത്തി റിപ്പോര്‍ട്ട് പുറത്തുവരണമെന്ന് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
മലയാള സിനിമ മേഖലയില്‍ ഉണ്ടായ തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരികയാണ് ലക്ഷ്യം. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി നിയമിക്കാനാണ് കര്‍ണാടക സര്‍ക്കാരിനോട് സിനിമ കൂട്ടായ്മ ആവശ്യപ്പെടുന്നത്. സിനിമ മേഖലയിലെ എല്ലാ സ്ത്രീകള്‍ക്കും സുരക്ഷിതവും തുല്യവുമായ തൊഴിലാന്തരീക്ഷം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും ഫയര്‍ ചൂണ്ടിക്കാണിക്കുന്നു.
1. കെഎഫ്‌ഐയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക.
2. എല്ലാ സ്ത്രീകള്‍ക്കും ആരോഗ്യകരവും തുല്യവുമായ ജോലി ഉറപ്പാക്കാന്‍ നയങ്ങള്‍ വികസിപ്പിക്കുക
ഇവയാണ് പ്രധാന ആവശ്യങ്ങള്‍, സുപ്രീംകോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജി കമ്മിറ്റിക്ക് നേതൃത്വം നല്‍കണമെന്നും. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പഠനം നടത്തുന്നതിന് ആവശ്യമായ എല്ലാവിധ സഹകരണങ്ങളും FIRE നല്‍കുമെന്നും നിവേദനത്തില്‍ പറയുന്നു. മൂന്നു മാസങ്ങള്‍ കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വ്യക്തമാക്കുന്നു.
Discussion about this post