റിയാദ്: സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ വെടിവെയ്പും ഏറ്റുമുട്ടലും രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു തുടങ്ങി. സൗദിയുടെ സഹായത്തോടെയാണ് ആദ്യ ദൗത്യം. നയതന്ത്ര ഉദ്യോഗസ്ഥരെയും അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെയുമാണ് ആദ്യഘട്ടത്തിൽ ഒഴിപ്പിച്ചത്.
157 പേരെയാണ് സൗദി സൈന്യം ആദ്യഘട്ടത്തിൽ സുരക്ഷിതമായി രാജ്യത്ത് എത്തിച്ചത്. ഇതിൽ 91 പേർ സൗദി പൗരൻമാരാണ്. 66 പേർ ഇന്ത്യ അടക്കമുളള വിദേശരാജ്യങ്ങളിൽ നിന്നുളളവരും. സഹോദര, സൗഹൃദ രാജ്യങ്ങളിലെ പൗരൻമാരെയും സുരക്ഷിതമാക്കിയതായി പറഞ്ഞാണ് സൗദി വിദേശകാര്യമന്ത്രാലയം വാർത്താക്കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയത്.
സൗദി നാവിക സേനയാണ് ദൗത്യത്തിന് ചുക്കാൻ പിടിക്കുന്നത്. മറ്റ് സൈനിക വിഭാഗങ്ങളുടെയും സഹകരണത്തോടെയാണ് ദൗത്യമെന്ന് സൗദി വ്യക്തമാക്കി. കപ്പൽമാർഗമാണ് ഇവരെ ഒഴിപ്പിച്ചത്. ജിദ്ദ തുറമുഖത്ത് എത്തിയവരെ ഈദുൽ ഫിത്തർ മധുരം നൽകിയാണ് സൗദി സൈനികർ സ്വീകരിച്ചത്. സ്വന്തം രാജ്യങ്ങളിലേക്കുളള ഇവരുടെ തുടർയാത്രയ്ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും സൗദി വ്യക്തമാക്കി.
ഇന്ത്യയെക്കൂടാതെ കുവൈറ്റ്, ഖത്തർ, യുഎഇ, ഈജിപ്ത്, ടുണീഷ്യ, പാകിസ്താൻ, ബൾഗേറിയ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, കാനഡ, ബുർക്കിന ഫാസോ തുടങ്ങിയ രാജ്യങ്ങളിലെ പൗരൻമാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി സൗദി വ്യക്തമാക്കി. സുഡാനിൽ നിന്ന് വേഗത്തിൽ രക്ഷാപ്രവർത്തനം സാദ്ധ്യമാകുന്ന രാജ്യങ്ങളിൽ ഒന്നാണ് സൗദി. സംഘർഷം വഷളായതോടെ രക്ഷാദൗത്യത്തിന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി ബന്ധപ്പെട്ട് സഹായങ്ങൾ അഭ്യർത്ഥിച്ചിരുന്നു.








