മുംബൈ: സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പുപറഞ്ഞ് കത്തെഴുതിയെന്ന ആരോപണം തെറ്റാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നവിസ്. മുംബൈയിൽ കാന്തിവാലിയിൽ വീർ സവർക്കർ ഗൗരവ് യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഫട്‌നവിസ്.
ബ്രിട്ടീഷുകാർ ഒരിക്കലും തന്നെ മോചിപ്പിക്കില്ലെന്ന് സവർക്കർക്ക് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ വിട്ടയയ്‌ക്കേണ്ടെന്നും പക്ഷെ നിങ്ങൾക്കെതിരെ ഒന്നും ചെയ്യാത്തവരെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നുമാണ് സവർക്കർ ആവശ്യപ്പെട്ടത്. മറ്റുളളവരെ ജയിലിൽ നിന്നും വിട്ടയച്ചപ്പോൾ തന്നെയും വിട്ടയയ്ക്കണമെന്ന് ബ്രിട്ടീഷുകാരോട് ആവശ്യപ്പെടാൻ സവർക്കറോട് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ടെന്നും ഫട്‌നവിസ് ചൂണ്ടിക്കാട്ടി. സ്വർണക്കരണ്ടിയുമായി ജനിച്ച് ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് ഒരു അറിവുമില്ലാതെ ഇരിക്കുന്നവരാണ് ഇപ്പോൾ സവർക്കറെ ചോദ്യം ചെയ്യുന്നതെന്നും ഫട്‌നവിസ് പറഞ്ഞു.
രാഹുൽ സവർക്കർ അല്ലെന്നാണ് പറയുന്നത്. രാഹുൽ സവർക്കറും അല്ല ഗാന്ധിയും അല്ല. ഒരിക്കലും അദ്ദേഹം സവർക്കറാകാൻ സാദ്ധ്യതയുമില്ല. വീർ സവർക്കറെ ആദരിച്ച് ബംഗാളിൽ നിന്നുളള എംപി പാർലമെന്റിൽ പ്രമേയം കൊണ്ടുവന്നപ്പോൾ അതിനെ പിന്തുണച്ചത് ഫിറോസ് ഗാന്ധിയായിരുന്നുവെന്നും ഫട്‌നവിസ് ഓർമ്മിപ്പിച്ചു. ഇന്ദിരാഗാന്ധിയും യശ്വന്ത് റാവു ചവാനും ഉൾപ്പെടെയുളള നിങ്ങളുടെ പാർട്ടി നേതാക്കൾ സവർക്കറെ ബഹുമാനിച്ചിരുന്നു. പക്ഷെ ഇപ്പോൾ നിങ്ങൾ അവരെ ചോദ്യം ചെയ്യുകയാണെന്ന് രാഹുലിനെ ലക്ഷ്യം വെച്ച് ഫട്‌നവിസ് പറഞ്ഞു.
ഉദ്ധവ് താക്കറെയും ഫട്‌നവിസ് വിമർശിച്ചു. അൽപമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കിൽ വാക്കുകളിലൂടെയല്ല പ്രവൃത്തിയിലൂടെയാണ് ഉദ്ധവ് അത് കാണിക്കേണ്ടതെന്ന് ഫട്‌നാവിസ് പറഞ്ഞു. മണി ശങ്കർ അയ്യരുടെ പോസ്റ്ററുകളിൽ ബാൽ താക്കറെ ചെരിപ്പെറിഞ്ഞിട്ടുണ്ട്. ഉദ്ധവ് രാഹുലിന്റെ പോസ്റ്ററുകൾക്ക് നേരെ അത്തരം ഒരു പ്രവൃത്തി ചെയ്യാൻ ധൈര്യപ്പെടുമോയെന്ന് ഫട്‌നവിസ് ചോദിച്ചു. ഉദ്ധവ് മുഖ്യമന്ത്രിയായിരുന്നപ്പോൾ കോൺഗ്രസ് മുഖപത്രത്തിലൂടെ സവർക്കറെ അവഹേളിച്ചു. അന്ന് ഉദ്ധവ് ഒന്നും മിണ്ടിയില്ല. കാരണം അദ്ദേഹത്തിന് താൽപര്യം മുഖ്യമന്ത്രി കസേരയിലായിരുന്നുവെന്നും ഫട്‌നവിസ് തുറന്നടിച്ചു.
എല്ലാ സ്വാതന്ത്ര്യ സമര പോരാളികളും വലിയവരാണ്. പക്ഷെ സവർക്കർ അനുഭവിച്ച പീഡനങ്ങൾ മറ്റൊരാളും പങ്കുവെച്ചിട്ടില്ല. വീര സവർക്കറെയും നേതാജി സുഭാഷ് ചന്ദ്രബോസിനെയും എന്നും എതിർത്തിട്ടുളള പാർട്ടിയാണ് കോൺഗ്രസ് എന്നും ഫട്‌നവിസ് പറഞ്ഞു.
Discussion about this post