ന്യൂഡൽഹി; രാജ്യമെമ്പാടും ചർച്ച ചെയ്യുന്ന ദ കേരള സ്റ്റോറി എന്ന സിനിമ വിവാദവുമായി ബന്ധപ്പെട്ട ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഇത് മൂന്നാം തവണയാണ് സുപ്രീംകോടതി സിനിമയുമായി ബന്ധപ്പെട്ട ഹർജിയിൽ ഇടപെടാൻ വിസമ്മതിക്കുന്നത്. വിഷയം ഹൈക്കോടതിയ്ക്ക് വിട്ടതാണെന്നും സിനിമയ്ക്ക് നിലവാരമുണ്ടോ എന്ന് പ്രേക്ഷകർ തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
നേരത്തെ സിനിമയുമായി ബന്ധപ്പെട്ട ഹർജി, വിദ്വേഷ പ്രസംഗങ്ങൾ പരിഗണിക്കുന്ന ബെഞ്ചിന് മുമ്പാകെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ജസ്റ്റിസ് കെ എം ജോസഫ് ഹർജി പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇന്നലെ വീണ്ടും ഹർജി സുപ്രീംകോടതിയ്ക്ക് മുമ്പാകെ വന്നെങ്കിലും, സുപ്രീംകോടതിയ്ക്ക് സൂപ്പർ ഹൈക്കോടതിയാകാൻ കഴിയില്ലെന്ന് പറഞ്ഞ് ജസ്റ്റിസ് കേസ് ഹൈക്കോടതിയ്ക്ക് വിടുകയായിരുന്നു.
എന്നാലിന്ന് മുതിർന്ന അഭിഭാഷകനായ ഹുസേഫ അഹമ്മദി, ദ കേരള സ്റ്റോറിയുമായി ബന്ധപ്പെട്ടുള്ള ഹർജികൾ പരിഗണിക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചിട്ടില്ലെന്ന് കാണിച്ച് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
നിർമ്മാതാവിന്റെ സ്ഥാനത്ത് നിന്ന് ചിന്തിക്കാൻ അഭിഭാഷകനോട് കോടതി നിർദ്ദേശിച്ചു. നിർമ്മാതാവും അഭിനേതാക്കളും എല്ലാവരും സിനിമയ്ക്കായി അധ്വാനിച്ചിരിക്കുകയാണ്. സിനിമകളെ വിപണി വിലയിരുത്തുമെന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
Discussion about this post