റഷ്യയില്‍ നിന്ന് ഇന്ത്യ അത്യന്താധുനിക S-400 വിമാനവേധി മിസൈല്‍ സിസ്റ്റം സ്വന്തമാക്കാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ഇത്തരമൊരു നീക്കത്തില്‍ അമേരിയ്ക്കന്‍ ഭരണകൂടം അതൃപ്തി പ്രകടിപ്പിച്ചു. എസ് 400 മിസൈല്‍ സംവിധാനം വാങ്ങുകയാണെങ്കില്‍ ഇന്ത്യയുമായി രഹസ്യ പ്രതിരോധ സാങ്കേതികവിദ്യകള്‍ കൈമാറുന്നത് പുനരാലോചിയ്ക്കേണ്ടിവരുമെന്ന് അമേരിയ്ക്ക അറിയിച്ചു. എന്നാല്‍ അമേരിക്കയുടെ ഇത്തരം ഭീഷണികള്‍ക്ക് ഇന്ത്യ വഴങ്ങാനിടയില്ല.
”S-400 സംവിധാനം സ്വന്തമാക്കുന്നത് ഏത് രാജ്യമായാലും അത് അമേരിയ്ക്കന്‍ സംവിധാനങ്ങളുമായുള്ള പരസ്പരപ്രവര്ത്തനക്ഷമതയെ ബാധിയ്ക്കും. അതിനാല്‍ അമേരിയ്ക്ക ഇക്കാര്യത്തില്‍ ആശങ്കപ്പെടുന്നു.”
അമേരിയ്ക്കന്‍ സായുധസേവനക്കമ്മിറ്റിയുടെ ചെയര്മാന് പറഞ്ഞു.
എന്നാല്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം അഞ്ച് എസ് 400 മിസൈല്‍ സംവിധാനം വാങ്ങാനായി സുരക്ഷാ കാബിനറ്റ് കമ്മിറ്റിയെ സമീപിച്ചതായാണ് പ്രതിരോധകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.അമേരിയ്ക്കന്‍ നിലപാട് ഇന്ത്യ പരിഗണിക്കാനിടയില്ലെന്നും കരാരില്‍ നിന്ന് പിന്‍വാങ്ങാന്‍ ആലോചിയ്ക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു.
പ്രധാനമന്ത്രി തലവനായ സുരക്ഷാ കാബിനറ്റ് കമ്മിറ്റിയ്ക്കാണ് ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കാനാവുക. റഷ്യ ഇപ്പോള്‍ത്തന്നെ ഈ മിസൈല്‍ സംവിധാനം ചൈനയ്ക്ക് കൈമാറിയിട്ടുണ്ട്. പാകിസ്ഥാനും കൂടി ഇത് സ്വന്തമാക്കിയാല്‍ ഒരുപക്ഷേ മേഖലയിലെ വ്യോമാക്രമണ സംവിധാനങ്ങളില്‍ ഇന്ത്യ പിന്നോട്ടു പോകേണ്ടി വരും. ചൈനയുടേയും പാകിസ്ഥാന്റേയും വ്യോമാക്രമണാസാദ്ധ്യതകളെ പരിഗണിച്ചാല്‍ ഇതുപോലെയുള്ള പ്രതിരോധ മിസൈല്‍ സംവിധാനങ്ങളില്ലാതെ ഇന്ത്യയ്ക്ക് മുന്നോട്ടുപോകാനാവില്ല എന്നാണ് വിലയിരുത്തല്‍.
ജൂലായ് ആറിനു വാഷിംഗ്ടണില്‍ വച്ചു നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും അമേരിക്കന്‍ സെക്രട്രറി ഓഫ് സ്റ്റേറ്റ് മൈക് പോംപെയോയും ഡിഫന്‍സ് സെക്രട്രറി ജിം മറ്റിസും പരസ്പരം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.
പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അമേരിയ്ക്കയോടും ക്രെംലിനോടും ഇക്കാര്യം ഇപ്പോള്‍ത്തന്നെ സംസാരിച്ചു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരു ചേരിയിലും നില്ക്കാനാവുന്നതിനേക്കാള് ഉയരത്തിലാണ് ഇന്ത്യയുടെ സ്ഥാനമെന്ന് ഇരു ചേരികളേയും അദ്ദേഹം അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ആ രാജ്യതാല്പ്പര്യത്തിനനുസരിച്ചേ ചെയ്യാനാവൂ എന്നദ്ദേഹം ധരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
Discussion about this post