ന്യൂഡൽഹി: ജമ്മുകശ്മീർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തഹരീക് ഇ ഹൂറിയത്തിനെ നിരോധിച്ച് ഇന്ത്യ. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. 1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് (യുഎപിഎ) പ്രകാരമാണ് നിരോധനം. ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് തഹരീക് ഇ ഹുറിയത്തിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചത്.
ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്താനും ഇസ്ലാമിക ഭരണം സ്ഥാപിക്കാനുമുള്ള നിരോധിത പ്രവർത്തനങ്ങളിൽ സംഘടന ഉൾപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ജമ്മുകശ്മീരിൽ വിഘടനവാദത്തിന് ഊർജം പകരാൻ ഇന്ത്യാ വിരുദ്ധ കുപ്രചരണങ്ങളും തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതായും തെളിഞ്ഞിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് (മസ്രത്ത് ആലം വിഭാഗം)ജമ്മുകശ്മീരിനെ നിയമവിരുദ്ധ സംഘടനയായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. തീവ്രവാദ വിരുദ്ധ നിയമം നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരമാണ് സംഘടനയെ നിരോധിച്ചത്. വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി നേതൃത്വം നൽകിയ ഓൾ ഇന്ത്യ ഹുറിയത്ത് കോൺഫറൻസിന്റെ ഉപവിഭാഗത്തിന്റെ ഇടക്കാല ചെയർമാൻ മസറത്ത് ആലമാണ് സംഘടനയെ നയിക്കുന്നത്. 2010ൽ കശ്മീരിൽ നടന്ന വിഘടന പ്രതിഷേധങ്ങളുടെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു മസറത്ത് ആലം. ആ പ്രതിഷേധങ്ങൾക്ക് ശേഷം മറ്റ് നിരവധി നേതാക്കൾക്കൊപ്പം ഇയാളെ അറസ്റ്റ് ചെയ്യുകയും 2015-ൽ അന്നത്തെ മെഹബൂബ മുഫ്തി സർക്കാർ വിട്ടയക്കുകയും ചെയ്യുകയായിരുന്നു.
Discussion about this post