ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ചൂടേറിയ ചര്‍ച്ചകളാണ് രാജ്യത്താകമാനമുള്ള സിനിമാ മേഖലകളില്‍ ഇതു സംബന്ധിച്ച് ഉയരുന്നത്. ഈ അവസരത്തില്‍ റിപ്പോര്‍ട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടി തനുശ്രീ ദത്ത.
യാതൊരു ഉപകാരവുമില്ലാത്ത ഏറ്റവും ഉപയോഗ ശൂന്യമായ റിപ്പോര്‍ട്ടാണിതെന്നാണ് തനുശ്രീ ഈ വിഷയത്തില്‍ പ്രതികരിച്ചത്. ന്യൂസ് 18ന്റെ ‘ഷോ ഷാ’ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു തനുശ്രീ ദത്ത ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
ഇത്തരം കമ്മിറ്റികളെക്കുറിച്ചും റിപ്പോര്‍ട്ടുകളെക്കുറിച്ചും തനിക്ക് മനസിലാവുന്നില്ലെന്ന് അവര്‍ പറഞ്ഞു. അതെല്ലാം ഉപയോ?ഗശൂന്യമാണെന്നാണ് തോന്നുന്നത്. 2017ല്‍ നടന്ന ഒരു സംഭവത്തിനെത്തുടര്‍ന്നുണ്ടായ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ അവര്‍ ഏഴ് വര്‍ഷമെടുത്തെന്നും തനുശ്രീ ദത്ത കുറ്റപ്പെടുത്തി.
ഇത്രയധികം മാര്‍ഗനിര്‍ദേശങ്ങളുമായി വന്ന് പേജുകളും റിപ്പോര്‍ട്ടുകളും തയ്യാറാക്കിയ വിശാഖ കമ്മിറ്റിയെക്കുറിച്ച് ഈയവസരത്തില്‍ ഓര്‍ക്കുന്നു. പക്ഷേ അതിനുശേഷം എന്താണ് സംഭവിച്ചത്? കമ്മിറ്റികളുടെ പേരുകള്‍ മാത്രം മാറിക്കൊണ്ടിരുന്നു- തനുശ്രീ ദത്ത പറഞ്ഞു.
തനുശ്രീ ദത്ത ഇന്ത്യയിലെ മീ ടൂ പ്രസ്ഥാനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന നടിയായിരുന്നു. 2018ല്‍ നടന്‍ നാനാ പടേക്കര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അന്ന് തനുശ്രീ ഉന്നയിച്ചത്. ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നാനാ പടേക്കര്‍ തന്നോട് ലൈംഗിക താത്പര്യത്തോടെ മോശമായി പെരുമാറിയെന്ന് അവര്‍ തുറന്നു പറഞ്ഞിരുന്നു.
Discussion about this post