ഹൈദരാബാദ്: അടുത്തിടെയുണ്ടായ തീവ്രമഴയില്‍ തെലങ്കാനയില്‍ അരങ്ങേറിയത് ഒരു അപൂര്‍വ്വപ്രതിഭാസമെന്ന് വിദഗ്ധര്‍. മഴയ്ക്കിടെ ഇവിടെ കടപുഴകി വീണത് ഒരുലക്ഷത്തിലധികം മരങ്ങളാണ്. മേദാരം-പസാര, മേദാരം-തദ്വായ് റോഡുകള്‍ക്കിടയിലുള്ള ഏറ്റൂര്‍നഗരം വന്യജീവി സങ്കേതത്തില്‍ വ്യാപിച്ച് കിടക്കുന്ന 200 ഹെക്ടറിലെ മരങ്ങളാണ് കൂട്ടത്തോടെ കടപുഴകി വീണത്.
എന്നാല്‍ ഇവിടെയുള്ള ജന്തുജാലങ്ങള്‍ക്ക് ഒരു നഷ്ടവും സംഭവിച്ചിട്ടില്ല. തെലങ്കാനയില്‍ പെയ്ത റെക്കോര്‍ഡ് മഴയില്‍ പരിസ്ഥിതിക്ക് തിട്ടപ്പെടുത്താന്‍ കഴിയാത്ത വന്‍നാശമാണ് ഉണ്ടായതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. സാധാരണ കാറ്റിലും മഴയിലുമൊക്കെ മരങ്ങള്‍ നിലംപതിക്കാറുണ്ടെങ്കിലും ഒരു ലക്ഷത്തോളം മരങ്ങള്‍ കടപുഴകി വീഴുമെന്ന് തങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പഞ്ചായത്ത് രാജ് മന്ത്രി ദന്‍സാരി അനസൂയ പറഞ്ഞു. അതും നല്ല ശക്തമായ വേര് പടലങ്ങളുള്ള വേപ്പ്, പേരാല്‍, അരയാല്‍ തുടങ്ങിയ മരങ്ങളാണ് നശിച്ചത്. 81,200 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന വന്യജീവി സങ്കേതത്തില്‍ പുള്ളിപ്പുലികളെ കണ്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ പ്രദേശത്ത് ഇതുവരെ അപൂര്‍വമായി മാത്രമേ ഇവയെ കണ്ടിരുന്നുള്ളൂ എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇത്തരമൊരു സംഭവം ഇതിന് മുന്‍പ് കണ്ടിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (പ്രൊട്ടക്ഷന്‍ ആന്‍ഡ് വിജിലന്‍സ്) എലുസിംഗ് മേരു (ഐഎഫ്എസ്) ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു: ”ഇത് വളരെ അപൂര്‍വമായ സംഭവമാണ്, തെലങ്കാന പോലുള്ള ഒരു സംസ്ഥാനത്ത് ഇങ്ങനെ സംഭവിക്കാന്‍ ഒരു സാധ്യതയുമുണ്ടായിരുന്നില്ല. ഉയര്‍ന്ന കാറ്റിന്റെയും മേഘവിസ്ഫോടനത്തിന്റെയും ഫലമായിരിക്കാം ഇത്. വനം വകുപ്പ് നാശനഷ്ടത്തിന്റെ വ്യാപ്തി തിട്ടപ്പെടുത്തി വരികയാണ്’- എലുസിംഗ് മേരു പറഞ്ഞു. എന്നാല്‍ ഇത്തരം പ്രതിഭാസം കേരളത്തിലും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്. കാലാവസ്ഥയുടെ ഗതി അനുസരിച്ച് എപ്പോള്‍ എന്തു സംഭവിക്കുമെന്ന് ഉറപ്പോടെ പറയാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നും അവര്‍ വ്യക്തമാക്കുന്നു.
അതേസമയം, ഓഗസ്റ്റ് 31ലെ നാശനഷ്ടങ്ങള്‍ക്ക് കാരണം ചുഴലിക്കാറ്റ് പ്രഭാവമാകാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.’സംഭവത്തിന്റെ കൃത്യമായ സ്വഭാവവും കാരണവും ഞങ്ങള്‍ പരിശോധിക്കുന്നു. എന്നിരുന്നാലും, ഞങ്ങളുടെ പ്രാഥമിക നിരീക്ഷണത്തില്‍ വ്യക്തമായത് ഇടിമിന്നല്‍ പ്രവര്‍ത്തനത്തിന്റെയും ശക്തമായ മര്‍ദ്ദത്തിന്റെ കുറവിന്റെയും ഫലമായാണ് തീവ്രമഴ ഉണ്ടായത്. ഇത് ഒരു ചുഴലിക്കാറ്റ് പ്രഭാവം സൃഷ്ടിച്ചേക്കാം’് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
‘കാറ്റ് 90 കിലോമീറ്റര്‍ വേഗത്തില്‍ വീശിയിരിക്കാം. പിഴുതെറിയപ്പെട്ട മരങ്ങള്‍ വനമല്ല, ഇവ തോട്ടമായിരുന്നുവെന്നും 10 വര്‍ഷത്തില്‍ കൂടുതല്‍ മാത്രം പ്രായമുള്ള വൃക്ഷങ്ങളായിരുന്നു. 50 വയസ്സിനു മുകളില്‍ പ്രായമുള്ളതും ആഴത്തില്‍ വേരൂന്നിയതുമായ വനവൃക്ഷങ്ങള്‍ക്ക് തീവ്രമായ കാറ്റിനെ താങ്ങാന്‍ കഴിയും, ഇവിടെ അങ്ങനെയായിരുന്നില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിപ്രായം.
Discussion about this post