ന്യൂഡൽഹി : ആദായ നികുതി പരിധിയിൽ ഇളവ് വരുത്തി കേന്ദ്ര ബജറ്റ് പ്രഖ്യാപനം. അഞ്ച് ലക്ഷമായിരുന്ന ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കി. പുതിയ ആദായ നികുതി സ്‌കീമിന് മാത്രമേ ഇത് ബാധകമാകൂ. നികുതി സ്ലാബുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. പാർലമെന്റിൽ നടന്ന ബജറ്റ് പ്രഖ്യാപനത്തിലാണ് ധനമന്ത്രി നിർമല സീതാരാമൻ ഇക്കാര്യം അറിയിച്ചത്.
മൂന്ന് ലക്ഷം വരെ നികുതിയില്ല. മൂന്ന് മുതൽ ആറ് ലക്ഷം വരെ അഞ്ച് ശതമാനമാണ് നികുതി. 6 മുതൽ 9 ലക്ഷം വരെ പത്ത് ശതമാനം നികുതിയുണ്ട്. 9 മുതൽ 12 ലക്ഷം വരെ 15 ശതമാനം നികുതി. 12 മുതൽ 15 ലക്ഷം വരെയാണെങ്കിൽ 20 ശതമാനമാണ് നികുതി. 15 ലക്ഷത്തിന് മുകളിൽ 30 ശതമാനവുമായിരിക്കും പുതിയ നികുതി.
ആദായ നികുതി റിട്ടേണുകൾ കൈകാര്യം ചെയ്യാനെടുക്കുന്ന സമയപരിധി 93 ദിവസത്തിൽ നിന്ന് 16 ദിവസമാക്കി കുറച്ചു. പുതുതലമുറ ഐടി റിട്ടേൺ ഫോമുകൾ പുറത്തിറക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും ആദായ നികുതി റിട്ടേണുമായി ബന്ധപ്പെട്ട പരാതി പരിഹാര സംവിധാനത്തെ കൂടുതൽ കരുത്തുറ്റതാക്കി മാറ്റുമെന്നും ധനമന്ത്രി പറഞ്ഞു.
Discussion about this post