ന്യൂയോര്‍ക്ക്: 70 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ആളെ ജീവനോടെ വീണ്ടും കാണാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഒരു കുടുംബം. 1951 ഫെബ്രുവരി 21 ന് കാലിഫോര്‍ണിയയിലെ വെസ്റ്റ് ഓക്ക്ലന്‍ഡിലെ ഒരു പാര്‍ക്കില്‍ നിന്ന് കാണാതായ, അന്ന് ആറ് വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ലൂയിസ് അര്‍മാന്‍ഡോ ആല്‍ബിനോയാണ് തിരിച്ചുവന്നത്. ലൂയിസ് അര്‍മാന്‍ഡോ ആല്‍ബിനോയെ ഒരു സ്ത്രീ തട്ടിക്കൊണ്ടുപോകുകയായിരുന്നു. 10 വയസ്സുള്ള സഹോദരന്‍ റോജറിനൊപ്പം കളിക്കുമ്പോള്‍ മധുരപലഹാരങ്ങള്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു സ്ത്രീയാണ് തട്ടിക്കൊണ്ടുപോയത്.
പതിറ്റാണ്ടുകള്‍ നീണ്ട പരിശ്രമത്തിന്റെയും ഡിഎന്‍എ പരിശോധനയുടെയും ഫലമായാണ് ആല്‍ബിനോയെ കണ്ടെത്തിയത്. ആല്‍ബിനോയുടെ അനന്തരവള്‍ അലിഡ അലക്വിന്‍ തന്റെ അമ്മാവനെ കണ്ടെത്താന്‍ നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്. 63 കാരിയായ അലക്വിന്‍ തന്റെ അമ്മാവനെ കണ്ടെത്തുകയായിരുന്നു. മുന്‍ അഗ്‌നിശമന സേനാംഗവും മറൈന്‍ കോര്‍പ്‌സ് വെറ്ററനുമായ ലൂയിസ് ആല്‍ബിനോ കുറെക്കാലം വിയറ്റ്‌നാമിലായിരുന്നു.
ജൂണിലാണ് ഇപ്പോള്‍ 79 വയസ്സുള്ള ആല്‍ബിനോ കുടുംബവുമായി ഒന്നിച്ചത്. ചേട്ടന്‍ റോജര്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടപ്പോള്‍ വികാരനിര്‍ഭരമായ മുഹൂര്‍ത്തത്തിനാണ് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ മാസം 82-ാം വയസ്സില്‍ കാന്‍സര്‍ ബാധിച്ച് ചേട്ടന്‍ റോജര്‍ മരിച്ചു. റോജറിന്റെ മരണത്തിന് മുമ്പ് സഹോദരങ്ങള്‍ ഹൃദയസ്പര്‍ശിയായ ഒരു ഒത്തുചേരല്‍ പങ്കിട്ടതായി അലിഡ അലക്വിന്‍ പറഞ്ഞു
തന്റെ തട്ടിക്കൊണ്ടുപോകലിന്റെയും കിഴക്കന്‍ തീരത്തേക്കുള്ള യാത്രയുടെയും ഓര്‍മ്മകള്‍ ആല്‍ബിനോ പങ്കുവെച്ചു. എന്നാല്‍ ആ സമയത്ത് കൂടെയുള്ളവര്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ വിസമ്മതിച്ചതായും ആല്‍ബിനോ ഓര്‍ത്തെടുത്തു. ഇപ്പോള്‍, തന്റെ ചില അനുഭവങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. നിര്‍ഭാഗ്യവശാല്‍, 2005 ല്‍ 92-ാം വയസ്സില്‍ മരിച്ച അമ്മയ്ക്ക് ആല്‍ബിനോയെ ജീവനോടെ കാണാന്‍ സാധിക്കാതിരുന്നത് നൊമ്പരമായി തുടരുന്നു.
Discussion about this post