ന്യൂഡൽഹി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വസതിയിൽ ഹോളി ആഘോഷത്തിൽ പങ്കെടുത്ത് യുഎസ് വാണിജ്യ സെക്രട്ടറി ഗിന റെയ്‌മോണ്ടോ. നിറങ്ങൾ വാരിയണിഞ്ഞും നൃത്തം ചെയ്തും പാട്ട് പാടിയും ഹോളി ആഘോഷിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ രാജ്‌നാഥ് സിങ് തന്നെ പങ്കുവെച്ചു.
രാജ്‌നാഥ് സിങ്ങുമായി കൈകോർത്ത് ഗിന റെയ്‌മോണ്ടോ നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം. ആഘോഷങ്ങളുടെ ഭാഗമായി വസതിയിലെത്തിയ നർത്തകർക്കൊപ്പവും അവർ ചുവടുവെച്ചു. തിലകമണിയിച്ചാണ് ഗിന റെയ്‌മോണ്ടോയെ രാജ്‌നാഥ് സിങ്ങിന്റെ വസതിയിലേക്ക് സ്വീകരിച്ചത്. ഗിന റെയ്‌മോണ്ടോയ്ക്ക് ആതിഥ്യമരുളാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് രാജ്‌നാഥ് സിങ് ട്വിറ്ററിൽ കുറിച്ചു.
ഹോളി ആഘോഷത്തിലെ അത്ഭുതവും റെയ്‌മോണ്ടോ മറച്ചുവെച്ചില്ല. ഈ ദിനത്തിൽ ഇന്ത്യയിലെത്താൻ കഴിഞ്ഞത് വലിയ ബഹുമതിയാണെന്ന് ഗിന റെയ്‌മോണ്ടോ പറഞ്ഞു. കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ ക്ഷണപ്രകാരമാണ് യുഎസ് വാണിജ്യ സെക്രട്ടറി ഇന്ത്യയിൽ എത്തിയത്. രാജ്‌നാഥ് സിങ്ങിന്റെ വസതിയിലെ ആഘോഷങ്ങളിൽ പീയൂഷ് ഗോയലും പങ്കെടുത്തിരുന്നു.
വെളളിയാഴ്ച നടക്കുന്ന ഇന്ത്യ – യുഎസ് വാണിജ്യ ചർച്ചയിലും സിഇഒ ഫോറത്തിലും റെയ്‌മോണ്ടോ പങ്കെടുക്കും. ഇന്ത്യയും യുഎസും സ്വാഭാവിക സഖ്യകക്ഷികളാണെന്നും മികച്ച പങ്കാളിത്തവും സഖ്യവും ഇരുരാജ്യങ്ങളും ഉണ്ടാക്കിയെടുത്തിട്ടുണ്ടെന്നും അവർ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു. സുരക്ഷിതമായ ഇൻഡോ പസഫിക്കിനായി ഒരുമിച്ച് പ്രവർത്തിക്കുകയും എല്ലാ സാദ്ധ്യതകളും പ്രയോജനപ്പെടുത്തുകയുമാണ് പ്രധാന അജണ്ടയെന്നും അവർ പറഞ്ഞു.
Delighted to host the United States Secretary of Commerce, Ms. Gina Raimondo on the auspicious occasion of Holi at my official residence. pic.twitter.com/O9B0WX5sE8
— Rajnath Singh (मोदी का परिवार) (@rajnathsingh) March 8, 2023
Discussion about this post