മുംബൈ: വാംഖൈഡെയിൽ പുതുചരിത്രമെഴുതി വിരാട് കോഹ്ലി. ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കറുടെ വമ്പൻ റെക്കോഡുകൾ തകർത്തിരിക്കുകയാണ് കോഹ്ലി. ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമി പോരാട്ടത്തിലാണ് കോഹ്ലി റെക്കോർഡുകൾ വാരിക്കൂട്ടിയത്. ഏകദിന സെഞ്ചറികളുടെ എണ്ണത്തിൽ അർദ്ധ സെഞ്ചുറി തികച്ചിരിക്കുകയാണ് കോഹ്ലി. 49 സെഞ്ചറി നേടിയ സച്ചിന്റെ റെക്കോർഡാണ് മറികടന്നത്. ഏകദിന ലോകകപ്പിലെ റൺനേട്ടത്തിലും സച്ചിൻ ടെൻഡുൽക്കറെ കോഹ്ലി മറികടന്നു. താരത്തിന്റെ റെക്കോർഡ് നേട്ടത്തെ കൈയടികളോടെയാണ് ക്രിക്കറ്റ് ദൈവമായ സച്ചിൻ സ്വീകരിച്ചത്. കോഹ്ലിയുടെ ഭാര്യയും നടിയുമായ അനുഷ്‌ക ശർമ ചുംബനകളേകിയാണ് പ്രിയതമന്റെ നേട്ടം ആഘോഷിച്ചത്.
ഒരു ലോകകപ്പിൽ കൂടുതൽ 50 പ്ലസ് സ്‌കോറെന്ന റെക്കോഡിൽ സച്ചിന്റെ റെക്കോഡിനെയും കോഹ്ലി മറികടന്നിരിക്കുകയാണ്. 2003ൽ ഏഴ് തവണയാണ് സച്ചിൻ ഈ നേട്ടത്തിലേക്കെത്തിയത്. ഇത്തവണത്തെ ലോകകപ്പിൽ ഇത് എട്ടാം തവണയാണ് കോഹ്ലി ഫിഫ്റ്റി പ്ലസ് സ്‌കോർ നേടുന്നത്.
ഒരു ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന റെക്കോഡും കോഹ്ലി സ്വന്തം പേരിൽ കൂട്ടിച്ചേർത്തിരുന്നു. ന്യൂസിലൻഡിനെതിരേ 80 റൺസ് നേടിയതോടെയാണ് താരം സച്ചിനെ മറികടന്ന് കോഹ്ലി ഇതിഹാസം എഴുതിയത്.
2003 ലോകകപ്പിൽ സച്ചിൻ നേടിയ 673 റൺസാണ് കോലി മറികടന്നത്. 659 റൺസുമായി മാത്യു ഹെയ്ഡനും(2007), രോഹിത് ശർമ, 648 റൺസ്(2019) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.
ഇതോടൊപ്പം ഏകദിന റൺനേട്ടത്തിൽ മുൻ ഓസീസ് താരം റിക്കി പോണ്ടിന്റെ 13,704 റൺസ് മറികടന്ന് വിരാട് കോഹ്ലി മൂന്നാം സ്ഥാനത്തെത്തി. കുമാർ സംഗക്കാരയും സച്ചിനും മാത്രമാണ് ഇനി കോഹ്ലിക്ക് മുന്നിൽ.
Discussion about this post