ന്യൂഡൽഹി: ലോക പുരുഷ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ചരിത്രം രചിച്ച് ഇന്ത്യ. ഇന്ത്യയുടെ മൂന്ന് ബോക്‌സർമാരാണ് മെഡലുറപ്പിച്ചത്. ദീപക് ഭോരിയ, മുഹമ്മദ് ഹുസ്സാമുദ്ദീൻ, നിഷാന്ത് ദേവ് എന്നിവർ സെമിയിലെത്തിയതോടെയാണ് മെഡൽ ഉറപ്പിച്ചത്. ഇത് ആദ്യമായാണ് ഇന്ത്യ, പുരുഷ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ മൂന്ന് മെഡലുകൾ നേടുന്നത്.
51 കിലോ വിഭാഗത്തിൽ മത്സരിച്ച ദീപക് ക്വാർട്ടറിൽ കിർഗിസ്താന്റെ നർഷിജിത് ദിയുഷേബവേവിനെ തകർത്താണ് സെമിയിലെത്തിയത്. സെമിയിൽ ഫ്രാൻസിന്റെ ബെന്നാമയുമായാണ് പോരാട്ടം.
ഹുസ്സാമുദ്ദീൻ 57 കിലോ വിഭാഗത്തിൽ ബൾഗേറിയയുടെ ഡയസ് ഇബനെസ്സിനെ കീഴടക്കി. സെമിയിൽ ക്യൂബയുടെ സയ്ദെൽ ഹോർട്ടയാണ് താരത്തിന്റെ എതിരാളി.
22 കാരനായ നിലവിലെ ദേശീയ ചാമ്പ്യൻ നിഷാന്ത് 71 കിലോ വിഭാഗത്തിലാണ് മത്സരിച്ചത്. ക്വാർട്ടറിൽ ക്യൂബയുടെ ഓർഗെ ക്യൂലറിനെ തകർത്താണ് നിഷാന്ത് സെമിയിലെത്തിയത്. ഏഷ്യൻ ചാമ്പ്യനായ കസാഖ്സ്താന്റെ അസ്ലാൻബെക്ക് ഷൈംബെർഗനോവാണ് സെമിയിൽ താരത്തിന്റെ എതിരാളി.
Discussion about this post