ന്യൂഡൽഹി: കോൺഗ്രസ് കർണാടകയിൽ നിരോധിക്കുമെന്ന് പറഞ്ഞ ബജ്‌റംഗ്ദളിന് പിന്തുണ പ്രഖ്യാപിച്ച് ഗുസ്തി താരവും ഒളിമ്പിക് മെഡൽ ജേതാവുമായ ബജ്‌റംഗ് പൂനിയ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ബജ്‌റംഗ്ദളിന് പരസ്യപിന്തുണ പ്രഖ്യാപിച്ചത്. ഞാൻ ബജ്‌റംഗി, ബജ്‌റംഗ്ദളിനെ പിന്തുണയ്ക്കുന്നു, ജയ് ശ്രീറാം എന്നായിരുന്നു പോസ്റ്റ്.
എന്നാൽ ഇതിന് പിന്നാലെ തീവ്ര ഇസ്ലാമിസ്റ്റുകളിൽ നിന്നും കടുത്ത സൈബർ ആക്രമണമാണ് ബജ്‌റംഗ് പൂനിയ നേരിട്ടത്. ഇതേ തുടർന്ന് താരം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഡൽഹിയിൽ ഗുസ്തി ഫെഡറേഷൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ സമരം ചെയ്യുന്നവരിൽ ബജ്‌റംഗ് പൂനിയയും ഉണ്ട്. ഇതുമായി ബന്ധപ്പെടുത്തിയായിരുന്നു സൈബർ ആക്രമണം.
ബജ്‌റംഗ് പൂനിയയെ പിന്തുണച്ചതിൽ ഖേദിക്കുന്നുവെന്നും ബ്രിജ് ഭൂഷണെതിരെ സമരം ചെയ്തവരെല്ലാം ബജ്‌റംഗ്ദളിനെ പിന്തുണയ്ക്കുന്നുണ്ടോ എന്നുമുളള പോസ്റ്റുകളാണ് ഇൻസ്റ്റയിലും ട്വിറ്ററിലും നിറഞ്ഞത്.
കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലാണ് ബജ്‌റംഗ് ദളിനെ നിരോധിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാർ നിരോധിച്ച മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി കൂട്ടിയിണക്കിയായിരുന്നു പ്രഖ്യാപനം. ഇതിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ബജ്‌റംഗ് പൂനിയയുടെ പോസ്റ്റ് ഗുസ്തി താരങ്ങളുടെ സമരത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച കോൺഗ്രസ് ഉൾപ്പെടെയുളള രാഷ്ട്രീയ പാർട്ടികൾക്ക് വലിയ തിരിച്ചടിയുമായി.
Discussion about this post