ഒരു കൃഷിതോട്ടത്തിന് തീ പിടിച്ചതിന് വൈദ്യുതി കമ്പനി കര്‍ഷകന് നഷ്ടപരിഹാരമായി 21 ലക്ഷം രൂപ നല്‍കണമെന്ന വിധി പുറപ്പെടുവിച്ചിരിക്കുകയാണ് കോടതി. 21 ലക്ഷമോ എന്ന് ഞെട്ടാന്‍ വരട്ടെ. അത്രയ്ക്ക് നാശനഷ്ടമാണ് ആ കര്‍ഷകന്റെ കൃഷിത്തോട്ടത്തില്‍ സംഭവിച്ചിരിക്കുന്നത്. ഇതുവരെയുള്ള കാര്യങ്ങള്‍ അത്ര അവിശ്വസനീയമല്ല. നടക്കാന്‍ സാധ്യതയുള്ളത് തന്നെയാണ്. എന്നാല്‍ ഇത്രയും നാശനഷ്ടത്തിന് കാരണക്കാരന്‍ ഒരു അണ്ണാറക്കണ്ണനാണെന്ന് അറിഞ്ഞാലോ
എന്താണ് സംഭവിച്ചതെന്ന് നോക്കാം. കര്‍ണാടകയിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് ഇപ്പോള്‍ കര്‍ഷകന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കൃഷി തോട്ടത്തില്‍ തീ പിടിക്കാന്‍ കാരണം അണ്ണാനാണെന്നും തങ്ങളുടെ അശ്രദ്ധ അല്ലെന്നുമുള്ള വൈദ്യുതി കമ്പനിയുടെ വാദത്തെ കോടതി തള്ളി.
ഹുബ്ലി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയായ ഹെസ്‌കോമാണ് 21 ലക്ഷം രൂപ കര്‍ഷകന് നല്‍കേണ്ടത്. മാതളമരങ്ങളുടെ തോട്ടത്തിനാണ് തീപിടിച്ചത്. 2020 ഫെബ്രുവരി 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാഗല്‍കോട്ട് ജില്ലയിലെ ബദാമി താലൂക്കിലായിരുന്നു സംഭവം. 72 കാരനായ പന്‍പണ്ണയുടെ കൃഷിയിടത്തിന് മുകളില്‍ ഇലക്ട്രിക് ലൈനില്‍ നിന്നുള്ള തീപ്പൊരി വീണ് തീ ആളിക്കത്തിയതാണ് കേസിനാസ്പദമായ സംഭവം.
തീപിടിത്തത്തില്‍ ഒന്നും രണ്ടുമല്ല 1320 മാതള ചെടികളും 15 ടണ്‍ പഴങ്ങളും കത്തി നശിച്ചു. 3 ഏക്കര്‍ സ്ഥലത്ത് മാതളം കൃഷി ചെയ്തിരുന്ന പന്‍പണ്ണയുടെ വാര്‍ഷിക വരുമാനം 11-12 ലക്ഷം രൂപയാണ്. തീപിടിത്തത്തെ തുടര്‍ന്ന് പന്‍പണ്ണ ഹെസ്‌കോമിനെ സമീപിച്ചെങ്കിലും വൈദ്യുതി കമ്പനി പരിഹാരമൊന്നും ചെയ്തില്ല.
വൈദ്യുതി ലൈനുകളില്‍ അണ്ണാന്‍ തട്ടിയതാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു ഹെസ്‌കോമിന്റെ പ്രതികരണം. ഈ പ്രതികരണത്തില്‍ തൃപ്തരാകാതെ പന്‍പണ്ണ ബാഗല്‍കോട്ട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ (ബിഡിസിഡിആര്‍സി) പരാതി നല്‍കി.
സംഭവം വിശദമായി പഠിച്ചതിന് ശേഷം നഷ്ടപരിഹാരമായി 25,31,250 രൂപയും മാനസിക പീഡനത്തിനും വ്യവഹാരച്ചെലവിനുമുള്ള അധിക തുകയും നല്‍കണമെന്ന് ഹെസ്‌കോമിനോട് ഉത്തരവിട്ട ജില്ലാ കമ്മീഷന്‍ കര്‍ഷകന് അനുകൂലമായി വിധി പുറപ്പെടുവിച്ചു.
Discussion about this post