കോട്ടയം: കേരള കോണ്‍ഗ്രസ് എം ഗ്രൂപ്പ് ചെയര്മാന് കെ എം മാണിയുടെ യുഡിഎഫ് പ്രവേശം ചൊല്ലി കോട്ടയം ഡിസിസിയില്‍ അഭിപ്രായ ഭിന്നത. കേരള കോണ്ഗ്രസ്എമ്മുമായി ഒരു ബന്ധവും വേണ്ട എന്ന ഡിസിസി നിലപാട് തള്ളി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ രംഗത്തുവന്നതോടെയാണ് ഭിന്നതയുണ്ടെന്ന് വ്യക്തമായത്.
മാണിയെ യുഡിഎഫില്‍ എടുക്കരുതെന്ന ശക്തമായ നിലപാടുമായി കോട്ടയം ഡിസിസി മുന്നോട്ടുപോകുമ്പോഴാണ് തിരുവഞ്ചൂരിന്റെ പ്രസ്താവന. യുഡിഎഫിലേക്ക് മടങ്ങിവരണോ എന്ന് തീരുമാനമെടുക്കേണ്ടത് കെ.എം.മാണിയാണെന്ന നിലപാടാണ് തിരുവഞ്ചൂര്‍ ഇന്ന് സ്വീകരിച്ചത്. പന്ത് മാണിയുടെ ഗോള്‍ മുഖത്താണ്. അദ്ദേഹമാണ് കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനമെടുക്കേണ്ടതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
എന്നാല്‍ എ ഗ്രൂപ്പുകാരന് കൂടിയായ കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് മാണിക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാണി കാണിച്ച വഞ്ചന പൊറുക്കാന്‍ കഴിയില്ലെന്നും യുഡിഎഫിലേക്ക് മാണിയെ വീണ്ടും ക്ഷണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇതിനിടെയാണ് തിരുവഞ്ചൂര്‍ മാണിക്കെതിരായ നിലപാട് മയപ്പെടുത്തിയത്.
Discussion about this post