കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി കാവ്യമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പൊലീസിന്റെ റെയ്ഡ്. കാക്കനാട് മാവേലിപുരത്തെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ ഓഫിസിലാണ് പൊലീസ് ഇന്നലെ രാവിലെ 11 മണിയോടെ പരിശോധന നടത്തിയത്. ഉച്ചയ്ക്ക് ഒരു മണി വരെ പരിശോധന നീണ്ടു.
നടന് ദിലീപുമായുളള വിവാഹത്തിന് മുന്‍പാണ് കാവ്യ മാധവന് വസ്ത്രവ്യാപാരത്തിലേക്ക് കടക്കുന്നതും ലക്ഷ്യയ്ക്ക് തുടക്കം കുറിക്കുന്നതും. നടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ദിലീപിനെ ബ്ലാക്ക്മെയ്ല്‍ ചെയ്ത് പള്‍സര്‍ സുനി ജയിലില്‍ നിന്നും എഴുതിയ കത്തിലെ കാക്കനാട്ടെ ഷോപ്പിനെക്കുറിച്ചുളള അന്വേഷണമാണ് പൊലീസിനെ ഇങ്ങോട്ട് എത്തിച്ചത്.
അതീവ രഹസ്യമായിട്ടാണ് പൊലീസ് പരിശോധന നടത്തിയത്. നടിയെ തട്ടിക്കൊണ്ട് പോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിലെ സിഐയുടെ നേതൃത്വത്തിലുളള സംഘമാണ് പരിശോധനക്കായി എത്തിയതും. കത്തും കത്തില്‍ പരാമര്‍ശിക്കുന്ന ഷോപ്പിനെ സംബന്ധിച്ചും പള്‍സര്‍ സുനി പൊലീസിന് വിശദമായ മൊഴി നല്‍കിയിട്ടുണ്ട്. കുറ്റകൃത്യത്തിനുശേഷം കാക്കനാട്ടെ ഷോപ്പില്‍ രണ്ടുതവണ എത്തിയതായി കത്തില്‍ സുനി പരാമര്‍ശിക്കുന്നുണ്ട്.
നടിയെ ആക്രമിച്ചതിനുശേഷം ഒളിവില്‍ പോകുന്നതിന് മുന്‍പാണ് പ്രതി കാക്കനാട്ടെ ഷോപ്പില്‍ എത്തിയതായി മൊഴി നല്‍കിയത്. ദിലീപ് ആലുവയിലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും പള്‍സര്‍ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലില്‍ ദിലീപിനോടും ഇത് സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ആരാഞ്ഞതായാണ് വിവരം. ഇന്നലെ ലക്ഷ്യയുടെ ഓഫിസില്‍ നടത്തിയ പരിശോധനയില്‍ പണമിടപാട് സംബന്ധിച്ച രേഖകളും കംപ്യൂട്ടറിലെ വിവരങ്ങളും പൊലീസ് പരിശോധിച്ചു. കടയിലെത്തിയവരെ കണക്കെടുപ്പാണെന്നും പറഞ്ഞ് പൊലീസ് മടക്കി അയക്കുകയും ചെയ്തു.
Discussion about this post