കോഴിക്കോട്: സ്ത്രീകള്‍ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പിലേക്ക് കുടുംബശ്രീയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന് അശ്ലീലസന്ദേശം അയച്ച സംഭവത്തില്‍ കുടുംബശ്രീ അസിസ്റ്റന്റ് മിഷന് കോഓഡിനേറ്റര്‍ എം സി മൊയ്തീനെ പുറത്താക്കി. കുടുംബശ്രീ ഡയറക്ടര്‍ ഹരികിഷോര്‍ ആണ് പുറത്താക്കിയത്.
എന്നാല്‍ ഇയാള്‍ക്കെതിരെ മറ്റ് നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ഡെപ്യൂട്ടേഷനിലാണ് ഇയാള്‍ കുടുംബശ്രീയില്‍ അസിസ്റ്റന്റ് മിഷന് കോഓഡിനേറ്റര്‍ ആയി എത്തിയത്.
ഇരുന്നൂറിലേറെ സ്ത്രീകള്‍ അംഗങ്ങളായ വാട്സ്ആപ്പ് ഗ്രൂപ്പിലേയ്ക്ക് അശ്ലീല സന്ദേശം അയച്ചതായാണ് മൊയ്തീനെതിരായ ആരോപണം. ’17-18 വയസ്സുള്ള പെണ്‍കുട്ടികളുടെ ലൈംഗീക ചിത്രങ്ങള്‍ അയക്കൂ..’ എന്ന സന്ദേശമാണ് കുടുംബശ്രീ ഉദ്യോഗസ്ഥന് അംഗങ്ങളുടെ ഗ്രൂപ്പിലേക്ക് അയച്ചതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. കുടുംബശ്രീ മിഷന് കോര്‍ഡിനേറ്റര്‍ അടക്കമുളളവര്‍ അംഗമായ വാട്സാപ്പ് ഗ്രൂപ്പാണിത്.
കുടുംബശ്രീ അംഗങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് വേണ്ടിയാണ് അംഗങ്ങളെ ഉള്‍പ്പെടുത്തി ‘മൈ ഹോം മൈ ഷോപ്പ്’ എന്ന പേരില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത്. കുടുംബശ്രീയുടെ വിവിധ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന 200-ഓളം സ്ത്രീകള്‍ ഈ ഗ്രൂപ്പില്‍ അംഗമായിരുന്നു.
ഈ ഗ്രൂപ്പിലേക്കാണ് അശ്ലീല സന്ദേശം വന്നത്. തൊട്ടുപിന്നാലെ ഇത് തന്റെ സുഹൃത്ത് അയച്ചതാണ് എന്ന് പറഞ്ഞു കൊണ്ട് ഉദ്യോഗസ്ഥന്റെ തിരുത്തല്‍ സന്ദേശവും വന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ സംഭവം ഗ്രൂപ്പില്‍ അംഗങ്ങളായ വനിതകളെ ഞെട്ടിച്ചിരുന്നു.
സംഭവം ജില്ലയിലെ കുടുംബശ്രീ വൃത്തങ്ങളില്‍ ചര്‍ച്ചയായതോടെ ഇത് പുറത്തറിയാതെ മറച്ചു വയ്ക്കാനുള്ള ശ്രമങ്ങളുമുണ്ടായി. സംഭവം പുറത്തു പോവരുതെന്നും സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവയ്ക്കരുതെന്നും ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചു. എന്നാല്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തെ അതിജീവിച്ചും വിഷയത്തില്‍ പരാതി നല്കുവാനായി സ്ത്രീകള്‍ മുന്നോട്ട് വന്നതോടെയാണ് ഇക്കാര്യങ്ങള്‍ പുറത്തറിഞ്ഞത്.
Discussion about this post