തിരുവനന്തപുരം; മദ്യനയത്തിൽ ടൂറിസം വകുപ്പ് വിളിച്ചുചേർത്ത യോഗം മന്ത്രി തലത്തിൽ അല്ലെന്ന് വിശദീകരണം. ചീഫ് സെക്രട്ടറിയ്ക്ക് റിപ്പോർട്ട് നൽകാനുള്ള അഭിപ്രായ സ്വരൂപണ യോഗമാണ് നടന്നത്. മദ്യനയത്തിൽ ടൂറിസം മേഖലയിൽ അഭിപ്രായത്തിനാണ് യോഗം ചേർന്നതെന്ന് വകുപ്പ് വ്യക്തമാക്കി.
ടൂറിസം മന്ത്രിയായ പിഎ മുഹമ്മദ് റിയാസ് അറിഞ്ഞുകൊണ്ടല്ല യോഗം വിളിച്ചുചേർത്തത്. സാധാരണഗതിയിൽ എല്ലാവർഷവും മദ്യനയവുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളിലും ഇത്തരത്തിൽ യോഗം നടക്കാറുണ്ട്. അത് സാധാരണ നടപടി ക്രമമെന്നാണ് വകുപ്പ് വിശദീകരിക്കുന്നത്.
ടൂറിസം വകുപ്പ് സെക്രട്ടറിയുടെ നിർദേശപ്രകാരം ടൂറിസം ഡയറക്ടർ യോഗംവിളിച്ചത്. ഇത് സൂം മീറ്റിങ് ആയിരുന്നു. ബാറുടമകൾ അടക്കം ഇതിൽ പങ്കെടുത്തിരുന്നു. ഇതിൽ മന്ത്രിയുടെ ഇടപെടലോ നിർദേശമോ ഒന്നും ഇല്ല എന്നാണ് ടൂറിസം വകുപ്പ് വിശദീകരിക്കുന്നത്.












