പാര്‍ട്ടിയുടെയോ നേതാക്കളുടെയോ പേരു പറഞ്ഞു മക്കളും കൊച്ചുമക്കളും മരുമക്കളും ബന്ധുക്കളും മിത്രങ്ങളും അവിഹിതമായി സ്വത്തു സമ്പാദിക്കുന്നുണ്ടെങ്കില്‍ അതില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള. സഖാക്കളുടെ മക്കളുടെയും ബന്ധുമിത്രാദികളുടെയും അവിഹിത ഇടപാടുകളെയും സ്വത്തു സമ്പാദനത്തെയും കുറിച്ച് അറിഞ്ഞാല്‍ പാര്‍ട്ടി അതു തടയാന്‍ ശ്രമിക്കുമെന്നും എസ്ആര്‍പി പറഞ്ഞു.
സിപിഎം നേതാക്കളുടെ മക്കളും മറ്റും പാര്‍ട്ടിയുടെപേരില്‍ നടത്തുന്ന അവിഹിത ഏര്‍പ്പാടുകള്‍ക്കു പാര്‍ട്ടിയുടെ കൂട്ടുണ്ടാവില്ല. അവരുമായി ഇടപെടുന്നവര്‍ക്കു ജാഗ്രത വേണം.. ‘പാര്‍ട്ടിയുടെയോ നേതാക്കളുടെയോ പേരു പറഞ്ഞു മക്കളും കൊച്ചുമക്കളും മരുമക്കളും ബന്ധുക്കളും മിത്രങ്ങളും അവിഹിതമായി സ്വത്തു സമ്പാദിക്കുന്നുണ്ടെങ്കില്‍ അതില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. പാര്‍ട്ടി കുടുംബാംഗങ്ങളുടെ സ്വത്ത് സമ്പാദനം സംബന്ധിച്ച് ജാഗ്രത വേണമെന്ന പാര്‍ട്ടി പ്ലീനം നിലപാടില്‍ സിപിഎം വെള്ളം ചേര്‍ക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
കോടിയേരി ബാലകൃഷ്ണന് ടൂറിസം മന്ത്രിയായിരുന്നകാലത്ത്, 2007 ല്‍, മകന്റെ സുഹൃത്ത് രാഖുല്‍ കൃഷ്ണനും യുഎഇ പൗരനും ചേര്‍ന്നുണ്ടാക്കിയ ടൂറിസം കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടാണ് ഇപ്പോള്‍ നിയമനടപടികളിലേക്കും സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിന്റെ ഇടപെടലിലേക്കും എത്തിനില്‍ക്കുന്നത്. എന്നാല്‍, കോടിയേരിയുടെ ഭാഗത്തുനിന്ന് അധികാരദുര്വിനിയോഗമുണ്ടായെന്ന് ഇതുവരെ ആക്ഷേപമില്ലെന്ന് എസ്ആര്‍പി പറഞ്ഞു. പാര്‍ട്ടിക്കോ കോടിയേരിക്കോ എതിരെ പരാതിയില്ല. കേസില്‍ പാര്‍ട്ടി കക്ഷിയല്ല. അതുകൊണ്ടാണു പാര്‍ട്ടി ഇടപെടില്ലെന്നു പറഞ്ഞതെന്നും എസ്ആര്‍പി വിശദീകരിച്ചു.
വേണ്ടത്ര മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും കോടിയേരി ജാഗ്രത പാലിക്കാതിരുന്നത് എന്തെന്നും,എന്തൊക്കെയാണ് ഇതുവരെയുള്ള ബിസിനസുകളെന്ന ചോദ്യമാണ് പാര്‍ട്ടിയില്‍ തന്നെ കോടിയേരിക്കെതിരെ ഉയരുന്നത്. പാര്‍ട്ടി നേതൃത്വവും കോടിയേരിയെ പൂര്‍ണമായും പിന്തുണക്കില്ല എന്നാണ് സൂചന.
Discussion about this post